
Perinthalmanna Radio
Date: 05-01-2023
പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിലേക്ക് ഉൾപ്പെടുത്തേണ്ട പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ പദ്ധതികളും വികസനപ്രവൃത്തികളും സംബന്ധിച്ച നിർദേശങ്ങൾ ക്രോഡീകരിക്കുന്നതിനായി ഉദ്യോഗസ്ഥ മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. നജീബ് കാന്തപുരം എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ വിവിധ പദ്ധതിനിർദേശങ്ങൾ ജനപ്രതിനിധികൾ മുന്നോട്ടുവെച്ചു.
വിവിധ പരിശീലനകേന്ദ്രങ്ങൾ, വ്യവസായപാർക്ക്, ബഡ്‌സ് സ്‌കൂൾ, കാർഷിക വിപണനകേന്ദ്രം, സുഭിക്ഷ കാന്റീൻ തുടങ്ങിയ പദ്ധതി നിർദേശങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ മുന്നോട്ടുവെച്ചത്.
വെട്ടത്തൂർ പഞ്ചായത്തിലെ പൂങ്കാവനം ഡാമിനോടു ചേർന്ന് ഉദ്യാന പാർക്ക്, സ്‌പോർട്‌സ് കോംപ്ലക്‌സ് കം സ്റ്റേഡിയം എന്നിവയ്ക്കുള്ള നിർദേശവും അദ്ദേഹം യോഗത്തിൽവെച്ചു. തൂതപ്പുഴയിൽ മാട്ടായ-പറയൻതുരുത്ത് പാലം, അങ്കണവാടികൾക്ക് കെട്ടിടം തുടങ്ങിയ നിർദേശങ്ങളാണ് ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ ആവശ്യപ്പെട്ടത്. വിവിധ വകുപ്പുകളിൽ നടപ്പാക്കേണ്ട പദ്ധതികൾക്ക് വകുപ്പ് മേലധികാരികൾ രേഖാമൂലം യോഗത്തിൽ നിർദേശം സമർപ്പിച്ചു. ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് 20 പ്രവൃത്തികളുടെ പട്ടിക സർക്കാരിലേക്ക് സമർപ്പിക്കാനും തീരുമാനിച്ചു. പത്തിനകം നൽകാനാണ് എം.എൽ.എ.മാരോട് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
മണ്ഡലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിന് മേധാവികളും ജനപ്രതിനിധികളും ഉൾക്കൊള്ളുന്ന സംയുക്ത സമിതിക്ക് രൂപംനൽകാനും തീരുമാനിച്ചു. എം.എൽ.എ. അധ്യക്ഷതവഹിച്ച യോഗത്തിൽ വിവിധ വകുപ്പ് മേധാവികളായ തഹസിൽദാർ പി.എം. മായ, സി. അച്ചുണ്ണി, എച്ച്. നൗഷാദ്, പി.സി. വിനോദ്, പി. അബ്ദുറഹ്‌മാൻ, അബ്ദുൾഹമീദ്, സി. ബിന്ദു, എം. അരുൺ, കെ. അനസ് തുടങ്ങിയവർ പങ്കെടുത്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
