പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന്  ഇതുവരെ പിടിച്ചത് 19 മൂർഖൻ പാമ്പുകളെ

Share to

Perinthalmanna Radio
Date: 27-06-2023

പെരിന്തൽമണ്ണ : പാമ്പുഭീതിക്കിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആശ്വാസദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ 10 ദിവസത്തിനിടെ മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടാത്ത ഒരേയൊരു ദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ 17നു രാവിലെ ആദ്യ പാമ്പിനെ, സർജിക്കൽ വാർഡിൽ അഡ്‌മിറ്റായിരുന്ന ആൾ കണ്ടെത്തിയതു മുതൽ പിന്നീട് ഓരോ ദിവസവും വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ഈ കെട്ടിടത്തിൽ പാമ്പിനെ കണ്ടെത്തുകയും പിടികൂടുകയും ചെയ്‌തിരുന്നു. 

 19 മൂർഖൻ പാമ്പുകളെയാണു ഞായറാഴ്‌ച വരെ കണ്ടെത്തിയത്. ആദ്യ പാമ്പിനെ കണ്ട നാൾ മുതൽ ആശുപത്രിയിലെ ജീവനക്കാർ പുലർത്തിയ അതീവ ജാഗ്രതയും നിരീക്ഷണവുമാണു ദുരന്തസാധ്യത ഒഴിവാക്കിയത്. പാമ്പിനെ പിടികൂടാനുള്ള, പ്രത്യേക കമ്പിക്കൊളുത്ത് സ്ഥാപിച്ച വടി വരെ ചില നഴ്‌സിങ് ജീവനക്കാർ ഇവിടെ തയാറാക്കിവച്ചിട്ടുണ്ട്. കൂടാതെ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് അംഗങ്ങളും ദിനേനയെന്നോണം തിരച്ചിലും നിരീക്ഷണവും നടത്തിയിരുന്നു. 

കെട്ടിടത്തിന്റെ റാംപിന്റെ പരിസരത്തുനിന്നാണു പാമ്പ് വരുന്നതെന്ന സംശയത്തിൽ റാംപിന്റെ അടിഭാഗം നെറ്റ് ഉപയോഗിച്ച് അടച്ചെങ്കിലും പിന്നെയും പാമ്പെത്തി. മാളങ്ങൾ ട്രോമാകെയർ പ്രവർത്തകർ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചെങ്കിലും പിന്നെയും ഞായറാഴ്ച പാമ്പിനെ പിടികൂടി. ഇന്നലെയും ആശുപത്രി ജീവനക്കാർ അതീവ ജാഗ്രത പുലർത്തിയിരുന്നു. 

പാമ്പ് വന്നതായി സംശയിക്കുന്ന കന്റീനിനും സർജിക്കൽ വാർഡിനും ഇടയ്‌ക്കുള്ള ഭാഗം ട്രോമാകെയർ പ്രവർത്തകർ ആശുപത്രി ജീവനക്കാരുടെ സഹകരണത്തോടെ മാലിന്യവും പുൽക്കാടുകളും നീക്കി ശുചീകരിച്ചിട്ടുണ്ട്. സംശയിക്കത്തക്കതായി കണ്ടെത്തിയ മാളങ്ങളെല്ലാം അടച്ചിട്ടുണ്ട്. 

ആശുപത്രി ബ്ലോക്കിൽ അങ്ങിങ്ങായി കാലങ്ങളായി കുന്നുകൂടിക്കിടക്കുന്ന ഉപയോഗശൂന്യമായ സാധന സാമഗ്രികൾ ലേലം ചെയ്‌തു വിൽക്കാൻ ആശുപത്രി അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്. ആശുപത്രി സർജിക്കൽ വാർഡിലും മറ്റും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ നിർദേശ പ്രകാരം ഇന്നലെ പൊതുമരാമത്ത് വിഭാഗം ജീവനക്കാർ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. 

സർജിക്കൽ വാർഡും പഴയ എമർജൻസി ഓപറേഷൻ തിയേറ്ററും കാരുണ്യ ഇൻഷുറൻസ് കൗണ്ടറും ഉൾപ്പെട്ട കെട്ടിടം പാമ്പുഭീതിയെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഇവിടത്തെ രോഗികളെക്കൂടി മറ്റു വാർഡുകളിലേക്കു മാറ്റിയതോടെ അസൗകര്യങ്ങളുടെ നടുവിലാണ് ആശുപത്രി പ്രവർത്തനം. 

എങ്കിലും അവസാന ഘട്ടത്തിലുള്ള ഫയർ ആൻഡ് സേഫ്‌റ്റി സംവിധാനം പൂർത്തിയാകുന്നതോടെ ദിവസങ്ങൾക്കകം മാതൃശിശു ബ്ലോക്കിലെ കൂടുതൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാകും. ഇതോടെ പഴയ ബ്ലോക്കിലെ കൂടുതൽ സംവിധാനങ്ങൾ മാതൃശിശു ബ്ലോക്കിലേക്കു മാറ്റാനുള്ള പ്രവർത്തനങ്ങളിലാണ് ആശുപത്രി അധികൃതർ. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *