യാത്രക്കാരെ വെട്ടിലാക്കി സ്വകാര്യബസ് പണിമുടക്ക്; കെഎസ്ആര്‍ടിസി അധിക സര്‍വിസ് നടത്തി

Share to

Perinthalmanna Radio
Date: 31-10-2023

പെരിന്തൽമണ്ണ: യാത്രക്കാരെ വലച്ചും വെട്ടിലാക്കിയും സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഏകദിന സൂചന സമരം.

സംസ്ഥാനത്തെ 8000 സ്വകാര്യബസുകളില്‍ ഭൂരിഭാഗവും നിരത്തില്‍നിന്ന് വിട്ടുനിന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ യാത്രാക്ലേശം രൂക്ഷമായി. യാത്രക്കാര്‍ മണിക്കൂറോളം ബസ് സ്റ്റാൻഡുകളില്‍ കാത്തുനിന്നു. പണിമുടക്ക് വിവരമറിയാതെ ഇറങ്ങിയവരും വെട്ടിലായി. പ്രവൃത്തി ദിവസമായിരുന്നതിനാല്‍ വിദ്യാര്‍ഥി യാത്രയും പ്രതിസന്ധിയിലായി.

പരമാവധി ബസ് ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി ഗ്രാമീണ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസ് നടത്തിയെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായിരുന്നില്ല. ചിലയിടങ്ങളില്‍ സമാന്തര സര്‍വിസുകള്‍ ആശ്വാസമായി. സ്വന്തമായി വാഹനമില്ലാത്തവര്‍ പെരുവഴിയില്‍ നട്ടം തിരിഞ്ഞു. വീട്ടില്‍ ഇരുചക്രവാഹനം പോലുമില്ലാത്തവര്‍ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കാൻ പെടാപ്പാട് പെട്ടു.

സ്വകാര്യ ബസ് ഏറെയുള്ള മലബാര്‍ മേഖലയിലായിരുന്നു യാത്രാക്ലേശം രൂക്ഷം. വടക്കൻ ജില്ലകളില്‍ ശരാശരി 900 ബസാണുള്ളത്. കണ്ണൂരില്‍ 1300 ഉം. ഇവയാണ് പൂര്‍ണമായും നിരത്തില്‍നിന്ന് വിട്ടു നിന്നത്. ദൂരയാത്രക്കാരെയാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുകളിലെല്ലാം വൻതിരക്കായിരുന്നു. വടക്കൻ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി സാന്നിധ്യം താരതമ്യേന കുറവായതിനാല്‍ ബദല്‍ ക്രമീകരണങ്ങളും ഫലവത്തായില്ല.

വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് മിനിമം അഞ്ചു രൂപയാക്കുക, 140 കിലോമീറ്ററിന് മുകളിലുള്ള പെര്‍മിറ്റുകള്‍ സമയബന്ധിതമായി പുതുക്കി നല്‍കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും കാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയാണ് ബസുടകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് ഉയര്‍ത്താതെയുള്ള ചാര്‍ജ് വര്‍ധന ഈ വ്യവസായത്തെ സംരക്ഷിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്.

നിരക്കുവര്‍ധന പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനാണ് ബസുടമകളുടെ തീരുമാനം. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇളവും സാവകാശവും നല്‍കിയിട്ടുണ്ടെങ്കിലും ബസുടമകള്‍ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകള്‍ക്കുപുറമെ, അധിക ചെലവാണിതെന്നാണ് അവര്‍ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *