പട്ടാമ്പി റോഡിനോട് അവഗണന; താക്കീതായി സമരയാത്ര

Share to

Perinthalmanna Radio
Date: 02-11-2023

പെരിന്തൽമണ്ണ : സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ നിർമാണം പൂർത്തിയാക്കുന്നതിലുള്ള‍ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിലും മണ്ഡലത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ സമര യാത്രയിൽ പ്രതിഷേധമിരമ്പി. റോഡിന്റെ ശോച്യാവസ്ഥയിൽ ദുരിതം അനുഭവിക്കുന്ന നൂറുകണക്കിനാളുകൾ പുലാമന്തോൾ മുതൽ പെരിന്തൽമണ്ണവരെ കാൽനടയായുള്ള യാത്രയിൽ പങ്കുചേർന്നു. കട്ടുപ്പാറ, ചെറുകര, കുന്നപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ യാത്രയെ സ്വീകരിച്ചു.

വൈകീട്ട് പുലാമന്തോളിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം യാത്ര ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ ക്ഷേമം സംസ്ഥാന സർക്കാരിന്റെ അജൻഡയിലില്ലെന്നും കേരളത്തിലെ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ സംസ്ഥാന സർക്കാർ ആർഭാടവും ദുർവ്യയവും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുവർഷംകൊണ്ട് 16 രാജ്യങ്ങൾ കുടുംബ സമേതം സന്ദർശിച്ച മുഖ്യമന്ത്രിയുടെ ആകെയുള്ള നേട്ടം പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കേരളത്തിന് എങ്ങനെ ജീവിക്കാൻ പഠിക്കണം എന്ന കാര്യം പട്ടിണിരാജ്യമായ ക്യൂബ സന്ദർശനംകൊണ്ട് നേടി എന്നു മാത്രമാണെന്നും പി.എം.എ. സലാം പറഞ്ഞു.

കേരളപ്പിറവി ദിനത്തിലാണ് ഈ സമരം. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഒരുകുട്ട മണ്ണിടാൻ കാശില്ലെന്നു പറയുന്നവർ കോടികൾ പൊടിച്ച് സിനിമാ താരങ്ങളെ എഴുന്നള്ളിച്ച് ആഘോഷം നടത്തുന്നത് അപഹാസ്യമാണെന്ന് നജീബ് കാന്തപുരവും പറഞ്ഞു. കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി നാലകത്ത് സൂപ്പി, നിയോജകമണ്ഡലം യു.ഡി.എഫ്. കൺവീനർ എസ്. അബ്ദുസ്സലാം, കെ.വി. ജോർജ്, സലീം കുരുവമ്പലം, ഉസ്‌മാൻ താമരത്ത്, എ.കെ. നാസർ, എ.കെ. മുസ്തഫ, സി. മുഹമ്മദ് മുസ്തഫ, എം.എം. സക്കീർഹുസൈൻ, ഷൗക്കത്ത് നാലകത്ത്, എ. ആനന്ദൻ, എം.കെ. റഫീഖ തുടങ്ങിയവർ പ്രസംഗിച്ചു.

പുലാമന്തോൾ- മേലാറ്റൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ഒരുലക്ഷം ഒപ്പുകൾ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം ദേശീയ സബ്ജൂനിയർ ഫുട്ബോൾ ടീം അംഗം ഒസാമ പച്ചീരി നിവേദനത്തിൽ ഒപ്പുവെച്ച് ഉദ്ഘാടനം ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *