ഫൈസൽ ബാബു കുടുംബ സഹായനിധി; ബസുകളുടെ കാരുണ്യയാത്ര സമാപിച്ചു

Share to

Perinthalmanna Radio
Date: 24-11-2023

പെരിന്തൽമണ്ണ : ജോലിക്കിടെ ബസിൽ നിന്ന് വീണു പരിക്കേറ്റ് മരിച്ച സഹ പ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി നടത്തിയ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടത്തിയ കാരുണ്യ യാത്രയുടെ ഭാഗമായത് പെരിന്തൽമണ്ണ ഏരിയയിലെ 71 ബസുകളാണ്. സമാപന ദിവസമായ വ്യാഴാഴ്ച 34 ബസുകളാണ് ഇന്ധനച്ചെലവ് മാത്രമെടുത്ത് ബാക്കി തുക സഹായ നിധിയിലേക്ക് നൽകി സർവീസ് നടത്തിയത്. ബസിലെ ജീവനക്കാരും വേതനം സഹായ നിധിയിലേക്ക് നൽകി സേവനവുമായി കൂടെച്ചേർന്നു. അറ്റകുറ്റപ്പണികളാൽ ഓടാതിരുന്ന ഒരു ബസ് വെള്ളിയാഴ്ച കാരുണ്യയാത്ര നടത്തും. വ്യാഴാഴ്ച മലപ്പുറം-മഞ്ചേരി, അരക്കുപറമ്പ്-വെട്ടത്തൂർ, വളപുരം- പെരിന്തൽമണ്ണ, പട്ടാമ്പി-പെരിന്തൽമണ്ണ, മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ ബസുകളാണ് കാരുണ്യ യാത്രയിൽ പങ്കെടുത്തത്. 21-ന് വിവിധ റൂട്ടുകളിലെ 29 ബസുകളും 22-ന് കോഴിക്കോട്-പാലക്കാട് റൂട്ടിലെ എട്ട് ബസുകളും കാരുണ്യയാത്ര നടത്തി. പെരിന്തൽമണ്ണ-മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ്. ബസിലെ കണ്ടക്ടറായിരുന്ന നാട്ടുകൽ മണലുപുറം തലയപ്പാടിയൻ ഫൈസൽ ബാബു (38) ആണ് ബുധനാഴ്ച മരിച്ചത്.

ചൊവ്വാഴ്ച പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്ക് പോകവേ ബസിന്റെ വാതിലിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പതിനൊന്നും എട്ടും അഞ്ചും വയസുള്ള മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. ഇതോടെ കുടുംബത്തെ സഹായിക്കാൻ ബസ് ജീവനക്കാരും ഉടമകളും ഒന്നായി തീരുമാനിക്കുകയായിരുന്നു.

സഹായിക്കാൻ മനസ്സുള്ള യാത്രക്കാരിൽനിന്ന് സംഭാവനയും ജീവനക്കാർ സ്വരൂപിച്ചു. കാരുണ്യയാത്രയിൽ ലഭിച്ച പണം മുഴുവൻ തിട്ടപ്പെടുത്തിയിട്ടില്ല. അടുത്തദിവസം ജീവനക്കാരുടെയും ഉടമകളുടെയും യോഗം വിളിച്ച് ഏതുവിധത്തിലാണ് തുക കുടുംബത്തിനു നൽകേണ്ടതെന്ന് തീരുമാനിക്കുമെന്ന് കുടുംബസഹായസമിതി കൺവീനർ മാടാല മുഹമ്മദലി, ചെയർമാൻ സഫ്‍വാന മുഹമ്മദാലി എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *