പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഇങ്ങനെയൊക്കെ പോയാൽ മതിയോ

Share to

Perinthalmanna Radio
Date: 27-11-2023

നവംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തല്‍മണ്ണയില്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ  പെരിന്തൽമണ്ണയിലെ ചില വികസന പ്രശ്നങ്ങൾ ഇതാ പെരിന്തൽമണ്ണ റേഡിയോ ചൂണ്ടിക്കാണിക്കുന്നു

പെരിന്തൽമണ്ണ; ജില്ലാ ആശുപത്രിയിൽ ഇങ്ങനെയൊക്കെ പോയാൽ മതി എന്ന് ആർക്കൊക്കെയോ വാശിയുള്ളതു പോലെയാണ് ആശുപത്രിയിലെ കാര്യങ്ങളുടെ കിടപ്പുവശം. പരാതിക്ക് ഇടനൽകാതെ പ്രവർത്തിച്ചിരുന്ന മാതൃശിശു ബ്ലോക്കിനും ശനിദശയാണ്. അഗ്നിരക്ഷാ സംവിധാനം ഇല്ലാത്തതിന്റെ പേരിൽ എൻഒസി ലഭിക്കാത്തതിനാൽ ഈ കെട്ടിടമിപ്പോൾ ഏറെക്കുറെ നോക്കുകുത്തിയാണ്. സ്‌ത്രീരോഗ വിഭാഗത്തിന്റെയും കുട്ടികളുടെയും ഒപി, ഫാർമസി, ലേബർ റൂം എന്നിവ മാത്രമാണിപ്പോൾ മാതൃശിശു ബ്ലോക്കിൽ. ഒന്നരക്കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാസങ്ങളായി നടക്കുന്നുണ്ട്.

ഇവിടെയുണ്ടായിരുന്ന കുട്ടികളുടെ വാർഡും പോസ്‌റ്റ് ഓപ്പറേറ്റീവ് വാർഡും പഴയ ബ്ലോക്കിലെ ജനറൽ മെഡിസിൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. പലവിധ രോഗങ്ങളുമായെത്തിയവർക്കൊപ്പമാണ് ഇവിടെ അഡ്‌മിറ്റ് ചെയ്യപ്പെടുന്ന കുട്ടികളും ഇപ്പോൾ കിടക്കുന്നത്. കട്ടിലുകൾ ഇടാനുള്ള അസൗകര്യം മൂലം കുറച്ചു പേരെ മാത്രമേ പ്രവേശിപ്പിക്കാനും സാധിക്കൂ. ഒരു നഴ്‌സിങ് സ്‌റ്റാഫാണ് ആകെ ഡ്യൂട്ടിക്കുള്ളത്. ചികിത്സയിലുള്ള കുട്ടികൾക്ക് രോഗം കൂടുകയോ അടിയന്തരമായി ഡോക്‌ടറെ കാണുകയോ ചെയ്യേണ്ടി വന്നാൽ മാതൃശിശു ബ്ലോക്കിൽ നിന്നു വേണം ശിശുരോഗ വിദഗ്ധൻ എത്താൻ. ഇവിടെ ലേബർ റൂമിൽ പ്രസവത്തിനായി പ്രവേശിപ്പിക്കുന്ന സ്ത്രീകൾക്ക് സർജറി അത്യാവശ്യമായി വന്നാൽ ആംബുലൻസിൽ പഴയ ബ്ലോക്കിലെ ഓപ്പറേഷൻ തിയറ്ററിലെത്തിക്കണം. മാതൃശിശു ബ്ലോക്കിലാണ് ലാബ് സൗകര്യം. 
ജീവൻ കയ്യിൽ പിടിച്ചാണ് പലപ്പോഴും ആശുപത്രി ജീവനക്കാരും രോഗികളുമെല്ലാം തിരക്കേറിയ ദേശീയപാതയിലൂടെ മറുവശമെത്തുന്നത്. 

ജില്ലാ ആശുപത്രിക്ക് പ്രതീക്ഷ പകരേണ്ട ലക്ഷ്യ വാർഡ് നിലവിൽ ശാപമാണ്. ഗർഭിണികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് ആരംഭിച്ച ലക്ഷ്യ (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഇനിഷ്യേറ്റീവ്) വാർഡ് മാതൃ–ശിശു ബ്ലോക്കിന്റെ മൂന്നാം നിലയിലാണ്. 2.44 കോടി രൂപയുടെ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ചാണ് ‌വാർഡ് ഒരുക്കിയത്. പ്രസവ വാർഡ‍ിലും ലേബർ റൂമിലും അമ്മയ്‌ക്കും കുഞ്ഞിനും ലഭിക്കേണ്ട ചികിത്സയും പരിചരണവും സൗകര്യങ്ങളും വർധിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ ഈ വാർഡ് തുറക്കാനോ പദ്ധതി ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. പ്രസവത്തിന് മുൻപുള്ള പരിചരണം, പ്രസവ ശേഷമുള്ളവർക്കുള്ള വാർഡ്, സർജിക്കൽ വാർഡ്, തിയറ്റർ കോംപ്ലക്‌സ്, ശിശുരോഗ വിഭാഗം, ആന്റി നാറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്.
പീഡിയാട്രിക് സ്‌പെഷ്യൽ വാർഡ്, പീഡിയാട്രിക് ഐസിയു എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമുണ്ട്.

ഐസിയു ഉപകരണങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ അത്യാധുനിക ഉപകരണങ്ങൾ ഇവിടെ അങ്ങിങ്ങായി ഉപയോഗമില്ലാതെ കിടന്ന് കിടന്ന് നശിക്കുന്നു. 2016 ഫെബ്രുവരി 27ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌ത മാതൃശിശു ബ്ലോക്കിന് 7 വർഷമായിട്ടും ഇതുവരെയും അഗ്നിരക്ഷാ വിഭാഗത്തിന്റെ ഫയർ എൻഒസി ലഭിച്ചില്ലെന്നത് ആരുടെ കുറ്റമാണ്. അതിനു ശേഷം 2021 സെപ്‌റ്റംബറിൽ കെട്ടിടത്തിന്റെ മൂന്നാം നില നിർമിച്ച് മന്ത്രി ഉദ്ഘാടനം ചെയ്‌തതും ഫയർ  എൻഒസി ഇല്ലാതെ. ഒരു കെട്ടിടം നിർമിക്കുമ്പോൾ തന്നെ ഫയർ എൻഒസി ഉറപ്പു വരുത്തേണ്ടതല്ലേ. ഇങ്ങനെ കുറ്റകരമായ അനാസ്ഥയുടെ, അലംഭാവത്തിന്റെ എത്രയെത്ര നേർസാക്ഷ്യങ്ങൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *