
Perinthalmanna Radio
Date: 28-11-2023
കൊല്ലം: ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനായി അന്വേഷണം ഊർജിതം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാ ചിത്രവും ഉടൻ പുറത്തു വിടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഈ കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതിനിടെ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും ഫോൺകോളെത്തി. പത്ത് ലക്ഷം രൂപ നൽകിയാൽ കുട്ടി പത്ത് മണിക്ക് സുരക്ഷിതയായി വീട്ടിലെത്തുമെന്നാണ് ഫോൺ വിളിച്ച സ്ത്രീ പറഞ്ഞത്. പൊലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ കുഞ്ഞിന്റെ ജീവന് ആപത്തുണ്ടാകുമെന്നാണ് ഭീഷണി.
ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് പാരിപ്പള്ളിയിലെ ചായക്കടയിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഓട്ടോയിലെത്തിയ സ്ത്രീയും പുരുഷനും കടയുടമയുടെ ഭാര്യയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. കടയിൽ നിന്ന് ഇവർ പലചരക്ക് സാധനങ്ങളും ബേക്കറിയും വാങ്ങിയതായാണ് വിവരം.
ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്നും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ പച്ച ചുരിദാറും കറുത്ത ഷാളുമാണ് ധരിച്ചിരുന്നതെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു.
കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
9946923282, 9495578999 എന്നിവയാണ് ബന്ധപ്പെടാവുന്ന മറ്റ് നമ്പരുകൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
