നവകേരളസദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി; 7000 പേർക്ക്‌ ഇരിക്കാവുന്ന പന്തലും 23 കൗണ്ടറുകളും

Share to

Perinthalmanna Radio
Date: 28-11-2023

പെരിന്തൽമണ്ണ : നവകേരള സദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി. 30-ന് രാവിലെ ഒൻപതിന് പൊന്ന്യാകുർശി ശിഫ കൺവെൻഷൻ സെന്ററിൽ പ്രഭാത സദസ്സ് നടക്കും. പെരിന്തൽമണ്ണ, മങ്കട, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക|മണ്ഡലങ്ങളിൽ നിന്നുള്ള ഇരുനൂറ്റൻപതോളം ക്ഷണിക്കപ്പെട്ടവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. ഇവരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതഭക്ഷണം കഴിക്കും.

തുടർന്നുള്ള സദസ്സിൽ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും. വൈകീട്ട് ആറിനാണ് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നവകേരളസദസ്സ്. ഏഴായിരം പേർക്കിരിക്കാവുന്ന പന്തൽ സജ്ജമായിട്ടുണ്ട്. ജനത്തിന് പരാതികൾ സമർപ്പിക്കുന്നതിനായി 23 കൗണ്ടറുകളുമുണ്ടാകും. ഇവയിൽ വൈകീട്ട് മൂന്നുമുതൽ പരാതികൾ നൽകാം. അംഗപരിമിതർ, പ്രായമായവർ, വനിതകൾ എന്നിവർക്കായി ഓരോ പ്രത്യേക കൗണ്ടറുകളുമുണ്ട്. പരാതികൾക്ക് രസീത് നൽകും.

സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്തെ മൂന്നു വഴികളിലൂടെയാണ് പൊതുജനത്തിന് പ്രവേശനം. ഗതാഗത ക്രമീകരണമുണ്ടാകും. വൈകീട്ട് മൂന്നുമുതൽ കലാപരിപാടികളുണ്ടാകും. ഇരുപതിനായിരത്തോളംപേർ സദസ്സിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തലെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഊട്ടി റോഡ് മുഴുവനായും വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയും ട്രാഫിക് ജങ്ഷനിലെ ഹൈടെക് ഷോപ്പിങ് കോംപ്ലക്‌സ് അലങ്കരിക്കാൻ വ്യാപാരി വ്യവസായി സമിതിയും മുന്നോട്ടു വന്നിട്ടുണ്ട്.

നവകേരളസദസ്സിൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ആദ്യത്തേത് ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസാണ്. 29-ന് വൈകീട്ട് പെരിന്തൽമണ്ണയിലെത്തുന്ന മുഖ്യമന്ത്രി, മന്ത്രിമാർ, സ്റ്റാഫ്‌ അംഗങ്ങൾ തുടങ്ങി എൺപതോളം പേർക്കുള്ള താമസ സൗകര്യം പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിലും നഗരത്തിലെ നാലു ഹോട്ടലുകളിലുമായി സജ്ജമാക്കിയിട്ടുണ്ട്.

സംഘാടകസമിതി ചെയർമാൻ വി. ശശികുമാർ, വൈസ് ചെയർമാൻമാരായ ഇ. രാജേഷ്, കെ. ശ്യാം പ്രസാദ്, തഹസിൽദാർ പി.എം. മായ, പെരിന്തൽമണ്ണ മണ്ഡലം നോഡൽ ഓഫീസറും ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസറുമായ കെ.വി. ആശാമോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നവകേരളസദസ്സിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ‘ഓടാം ഒരുമിക്കാം നവകേരളത്തോടൊപ്പം’ എന്ന സന്ദേശവുമായി മിനി മാരത്തൺ നടത്തി. മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം ഫ്ളാഗ്ഓഫ് ചെയ്തു. സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാരത്തണിൽ നാനൂറോളംപേർ പങ്കെടുത്തു. ടൗൺ സ്‌ക്വയറിൽ തുടങ്ങി അഞ്ചുകിലോമീറ്റർ നഗരം ചുറ്റി ടൗൺ സ്‌ക്വയറിൽ സമാപിച്ചു. പങ്കെടുത്തവർക്കെല്ലാം മെഡലുകൾ നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *