
Perinthalmanna Radio
Date: 02-12-2023
കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍. പത്മകുമാറിന് കുട്ടിയുടെ പിതാവിനെ അറിയില്ല. പത്മകുമാറിനെ അറിയില്ലെന്ന കുട്ടിയുടെ അച്ഛന്‍ നേരത്തെ നല്‍കിയ മൊഴിയും ശരിയെന്ന് പൊലീസ്. കെ.ആര്‍. പത്മകുമാര്‍, ഭാര്യ എം.ആര്‍. അനിതകുമാരി, മകള്‍ പി.അനുപമ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. നഴ്സിങ് നിയമനത്തട്ടിപ്പെന്നും കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഇതോടെ അവസാനിച്ചു. മൂന്നുപേര്‍ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പത്മകുമാര്‍ പൊലീസിനോടു പറഞ്ഞത്.
ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവിന് ബന്ധമില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികള്‍ ഒരു വര്‍ഷം മുമ്ബേ ആസൂത്രണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യപ്രതി പത്മകുമാറിന്റെ ആറുകോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലായിരുന്നു. അടിയന്തരമായി പത്മകുമാറിന് 10 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കേണ്ടി വന്നു. അതിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയെടുക്കാൻ പദ്ധതിയിട്ടത്. കുറച്ചുമാസങ്ങളായി ഓയൂരില്‍ തട്ടിക്കൊണ്ടുപോകാനുള്ള കുട്ടികള്‍ക്കായുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഓയൂരിലെ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.
തട്ടിക്കൊണ്ടുപോയ ശേഷം ഓയൂരിലെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ ഗുളിക കൊടുത്ത് മയക്കി. അന്വേഷണം ശക്തമായതോടെ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയാണ് കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിച്ചതെന്നും എ.ഡി.ജി.പി പറഞ്ഞു. തട്ടിക്കൊണ്ടുപോവുക എന്ന ആശയം അനിത കുമാരിയുടെതായിരുന്നു.
പ്രതിയുടെ മകള്‍ അനുപമ ബി.എസ്.സി കമ്ബ്യൂട്ടര്‍ സയൻസിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. യൂട്യൂബ് വിഡിയോകളിലൂടെ അനുപമ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കിയിരുന്നുവെന്നും എ.ഡി.ജി.പി സൂചിപ്പിച്ചു.
കേസിലെ പ്രതികളെ കണ്ടെത്താൻ പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇടക്ക് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് ബുദ്ധിമുട്ടിച്ചു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിന്റെ നമ്ബര്‍പ്ലേറ്റ് അടിക്കടി മാറ്റിയിരുന്നു. പ്രതികളെകുറിച്ച് പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമായി. ജനങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രതികളിലെത്തിയത്. പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയ കുട്ടിയും സഹോദരനുമാണ് താരങ്ങള്‍.-എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
