ബസുകളുടെ കാരുണ്യ യാത്രയിൽ ലഭിച്ചത് 20.42 ലക്ഷം രൂപ

Share to

Perinthalmanna Radio
Date: 05-12-2023

പെരിന്തൽമണ്ണ: സഹ പ്രവർത്തകന്റെ കുടുംബത്തിനായി മാറ്റിവെച്ച ബസ്സുകാരുടെ സേവന സന്നദ്ധതയ്ക്ക് സുമനസ്സുകളും അറിഞ്ഞു നൽകിയപ്പോൾ ലഭിച്ചത് 20,42,963 രൂപ. പെരിന്തൽമണ്ണ- മണ്ണാർക്കാട് റൂട്ടിലോടുന്ന പിഎംഎസ്. ബസിലെ കണ്ടക്ടർ ജോലിക്കിടെ വീണ് പരിക്കേറ്റു മരിച്ച നാട്ടുകൽ മണലുംപുറം തലയപ്പാടിയൻ ഫൈസൽ ബാബു(38)വിന്റെ കുടുംബത്തിനായാണ് തുക സമാഹരിച്ചത്.

പെരിന്തൽമണ്ണ മേഖലയിലെ 74 ബസ്സുകളാണ് കാരുണ്യയാത്രയിൽ പങ്കെടുത്തത്. പതിനൊന്നുകാരി മകളുടെ പേരിൽ എട്ടുലക്ഷം രൂപയും എട്ടും അഞ്ചും വയസ്സുള്ള രണ്ട് ആൺമക്കളുടെ പേരിൽ അഞ്ചുലക്ഷം രൂപവീതവും പ്രായപൂർത്തിയാകുമ്പോൾ എടുക്കാവുന്നവിധം ബാങ്കിൽ നിക്ഷേപിക്കുമെന്ന് സഹായസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടുലക്ഷം രൂപ ഫൈസൽബാബുവിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നൽകും. ബാക്കി 43,000 രൂപ ഫൈസൽബാബുവിന്റെ പിതാവ് ടിപി അബൂബക്കറിന് പത്രസമ്മേളനത്തിൽ കൈമാറി.

മൂന്നുമക്കളും ഭാര്യയും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ഫൈസൽബാബു. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി ബസ്സുടമ സംഘവും തൊഴിലാളി യൂണിയൻ നേതാക്കളുംചേർന്ന് സഹായസമിതി രൂപവത്കരിച്ചായിരുന്നു തുക സമാഹരണം.

ആലോചനാbയോഗത്തിൽത്തന്നെ 18 ബസുകാർ സന്നദ്ധരായെത്തി. പിന്നീട് സ്വയമേവ മറ്റു ബസുകളും ചേരുകയായിരുന്നു. ഡീസൽച്ചെലവ് മാത്രമെടുത്ത് ഉടമകൾ സഹകരിച്ചു.

തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകി സൗജന്യമായി സേവനമനുഷ്ഠിച്ചു. നിശ്ചിത ദിവസങ്ങളിൽ ബസിലെ യാത്രക്കാർക്കു മുന്നിൽ ബക്കറ്റുമായാണ് ജീവനക്കാരെത്തിയത്. പത്തു രൂപ ടിക്കറ്റ് നിരക്കിന് പകരം കൂടുതൽ തുക നൽകി യാത്രക്കാർ കാരുണ്യത്തിൽ പങ്കാളിയായി. കൂടാതെ ക്ലബ്ബുകൾ, ആശുപത്രി ജീവനക്കാർ, സ്കൂൾ, കോളേജ് വിദ്യാർഥികൾ, വ്യാപാരികൾ, വിവിധ സംഘടനകൾ തുടങ്ങിയവരും കഴിയാവുന്ന തുക സ്വരൂപിച്ചു നൽകി. യാത്രക്കാരുടെ സംഭാവനയുൾപ്പെടെ കൂടുതൽ തുകയായി 1.37 ലക്ഷം രൂപയാണ് വളപുരം -അരക്കുപറമ്പ് റൂട്ടിലെ ക്യൂൻസ് ബസ് സമാഹരിച്ചത്.

പെരിന്തൽമണ്ണ ബസ്സുടമ സംഘം സെക്രട്ടറി കെ. മുഹമ്മദാലി ഹാജി, നീനുസ്റ്റാർ കരീം, ഷൗക്കത്തലി കരിങ്കല്ലത്താണി, തൊഴിലാളി യൂണിയൻ നേതാക്കളായ മാടാല മുഹമ്മദാലി (ബാപ്പുട്ടി), അനിൽ കുറുപ്പത്ത്, കെടി. ഹംസ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *