
Perinthalmanna Radio
Date: 12-12-2023
പെരിന്തൽമണ്ണ : ഫുട്‌ബോൾ കളിമികവിലൂടെ നാടിന് കീർത്തിയേറ്റിയ കുഞ്ഞുതാരങ്ങളെ പെരിന്തൽമണ്ണ നെഞ്ചോട് ചേർത്തു. വാദ്യഘോഷങ്ങളും ഘോഷയാത്രയും കൊഴുപ്പേകിയ പൗരസ്വീകരണം ആവേശമേറ്റി. നേപ്പാളിൽ സൗത്ത് ഏഷ്യൻ സബ് ജൂനിയർ നയൻ എ സൈഡ് ഫുട്‌ബോളിൽ കിരീടം നേടിയ ഇന്ത്യൻ ടീം നായകൻ പച്ചീരി മുഹമ്മദ് ഒസാമ, പട്ടിക്കാട് ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ ബിൻഷാദ്, സഹിൻഷ എന്നിവർക്കാണ് പെരിന്തൽമണ്ണ പൗരാവലി സ്വീകരണം നൽകിയത്.
പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽനിന്ന് തുടങ്ങിയ ഘോഷയാത്ര കോഴിക്കോട് റോഡിലൂടെ ട്രാഫിക് ജങ്ഷനിലെത്തി തിരികെ ടൗൺ സ്ക്വയറിൽ സമാപിച്ചു. തുറന്ന വാഹനത്തിൽ ദേശീയപതാകയുമേന്തി ആവേശത്തോടെ കൈവീശി താരങ്ങളും യാത്രയുടെ മുന്നിലുണ്ടായി. കപ്പ് നേടിയ 16 അംഗ ടീമിൽ മലപ്പുറം ജില്ലക്കാരായ ഈ മൂന്നുപേരുമടക്കം ഏഴ് മലയാളികളാണുണ്ടായിരുന്നത്. ഐ.എൻ.ടി.യു.സി. നേതാവ് പച്ചീരി സുബൈറിന്റെയും നഗരസഭാംഗം നിഷ സുബൈറിന്റെയും മകനാണ് പെരിന്തൽമണ്ണ ഗവ. മോഡൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഒസാമ.
ഇന്ത്യൻ ടീം നേടിയ 14 ഗോളുകളിൽ ഹാട്രിക്ക് അടക്കം അഞ്ചുഗോളുകൾ ഒസാമയുടേതായിരുന്നു. സ്വീകരണ പൊതുയോഗത്തിൽ നഗരസഭാധ്യക്ഷൻ പി. ഷാജി പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. വി. രമേശൻ, വി. ബാബുരാജ്, പച്ചീരി ഫാറൂഖ്, ബി. രതീഷ്, മൻസൂർ നെച്ചിയിൽ, പി.ടി.എസ്. മൂസു, കെ. സുബ്രഹ്മണ്യൻ, യൂസഫ് രാമപുരം, ഹനീഫ ജൂബിലി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
