
Perinthalmanna Radio
Date: 14-12-2023
പട്ടിക്കാട് : ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭ്യമാക്കാത്തതിൽ പ്രകോപിച്ച് യുവാവ് തീയിട്ട് നശിപ്പിച്ച കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് നവീകരിച്ചു. മുപ്പതു ലക്ഷത്തോളം രൂപ ചെലവിൽ നവീകരിച്ച ഓഫീസ് കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചു.
കഴിഞ്ഞ ജൂൺ 21-ന് ഉച്ചയ്ക്കാണ് കീഴാറ്റൂർ ആനപ്പാംകുഴി സ്വദേശി ചുള്ളിയിൽ മുജീബ് പെട്രോൾ ഒഴിച്ച് പഞ്ചായത്ത് ഓഫീസിൽ തീയിട്ടത്. തുടർന്ന് ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ലൈഫിൽ വീട് ലഭിക്കാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെട്രോൾ നിറച്ച ക്യാനുമായി ഓഫീസിനകത്തു കടന്ന യുവാവ് കംപ്യൂട്ടറുകളിലും മറ്റു ഫയലുകളിലും ഒഴിച്ചതിനു ശേഷം തീ കൊടുക്കുകയായിരുന്നു. മൂന്നു ജീവനക്കാരാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മറ്റുള്ളവർ ഭക്ഷണംകഴിക്കുന്ന തിരക്കിലുമായിരുന്നു. ഓഫീസിലെ കംപ്യൂട്ടറുകളും ഫയലുകളും ജീവനക്കാരുടെ മൊബൈൽ ഫോണുകൾ, ഫർണിച്ചർ ഉൾപ്പെടെയുള്ള സാമഗ്രികൾ അഗ്‌നിക്കിരയായിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. പ്രതിയെ പോലീസ് സംഭവസ്ഥലത്തു നിന്നുതന്നെ പിടികൂടിയിരുന്നു. തീപ്പിടിത്തത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്.
പഞ്ചായത്ത് ഓഫീസിന്റ പ്രവർത്തനം താത്കാലികമായി മീറ്റിങ് ഹാളിലേക്ക് മാറ്റിയിരുന്നു. അഞ്ചര മാസത്തിന് ശേഷമാണ് നശിച്ച ഓഫീസ് പൂർണമായും പ്രവർത്തന സജ്ജമാക്കാനായത്. കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, വയറിങ്, ഫർണിച്ചർ, പെയിന്റിങ്, നെറ്റ്‌വർക്കിങ്, സി.സി.ടി.വി. തുടങ്ങിയവയെല്ലാം പുതുതായി സജ്ജീകരിച്ചു. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, സെക്രട്ടറി എസ്. രാജേഷ് കുമാർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
