കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്  ഞായറാഴ്ച കിക്കോഫ്

Share to

Perinthalmanna Radio
Date: 15-12-2023

പെരിന്തൽമണ്ണ : ഒരു മാസത്തോളം നീളുന്ന സെവൻസ് ഫുട്‌ബോൾ ആവേശത്തിലേക്ക് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങുന്നു. സംസ്ഥാനത്തെ പഴക്കം ചെന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റായ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന് 17-ന് രാത്രി പന്തുരുളും. മുൻ താരങ്ങളായിരുന്ന കാദറിന്റെയും മുഹമ്മദലിയുടെയും ഓർമ്മയ്ക്കായുള്ള കാദറലി സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 51-ാമത് ടൂർണമെന്റിൽ 24 ടീമുകളാണു മത്സരിക്കുന്നത്. വനിതകൾക്ക് മത്സരം കാണാൻ പ്രത്യേക സൗകര്യം ഇത്തവണ ഒരുക്കും. ഉദ്ഘാടനദിവസം വനിതകൾക്ക് സൗജന്യ പ്രവേശനവും അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റിൽ നിന്നുള്ള ലാഭം മുഴുവനായും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഇ.എം.എസ്. വിദ്യാഭ്യാസസമുച്ചയത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമായി വിനിയോഗിക്കും. വൈകീട്ട് 7.30-ന് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്യും. ആദ്യമത്സരത്തിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ ഇസാ ഗ്രൂപ്പ് ബെയ്‌സ് പെരുമ്പാവൂർ-എ.വൈ.സി. ഉച്ചാരക്കടവുമായി മത്സരിക്കും. ഓരോ മത്സരവും തുടങ്ങുന്നതിനു മുൻപായി അണ്ടർ-20, വെറ്ററൻസ് ടൂർണമെന്റ് മത്സരങ്ങളുമുണ്ടാകും. 17-ന് വൈകീട്ട് നാലിന് പ്രസന്റേഷൻ സ്‌കൂൾ പരിസരത്തുനിന്ന് വിളംബരജാഥയുണ്ടാകും.

സ്റ്റേഡിയത്തിലെ സ്ഥിരം ഗാലറിക്ക് പുറമേ പതിനായിരംപേർക്ക്‌ ഇരുന്ന് കാണാവുന്ന താത്കാലിക സ്റ്റീൽ ഗാലറിയും നിർമിക്കുന്നുണ്ട്. കാണികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തുന്നതെന്നും സംഘാടകർ പറഞ്ഞു. അഞ്ച് വിദേശതാരങ്ങളെ ഒരു ടീമിൽ രജിസ്റ്റർചെയ്യാനും മൂന്നുപേരെ ഒരുമിച്ച് കളത്തിലിറക്കാനും ഈ സീസണിൽ അനുവദിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽ അത്യാധുനിക സ്റ്റേഡിയം കോംപ്ലക്‌സ് നിർമിക്കുന്നതിനുള്ള കാദറലി ക്ലബ്ബിന്റെ രണ്ടുവർഷമായുള്ള ശ്രമങ്ങളിൽ തുടർപ്രവർത്തനങ്ങളുണ്ടാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദാലി, ജനറൽസെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, സി.എച്ച്. മുസ്തഫ, അസീസ് മണ്ണേങ്ങൽ, എച്ച്. മുഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
……………………………………………….
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *