സഞ്ചാരികള്‍ നിറഞ്ഞ് വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ട്

Share to

Perinthalmanna Radio
Date: 17-12-2023

വെട്ടത്തൂര്‍: മേഖലയുടെ വിനോദ സഞ്ചാര വികസന സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുമെന്ന പ്രതീക്ഷയില്‍ ഒരുനാട് കാത്തിരിക്കുന്നു.
അവധി ദിനങ്ങളില്‍ കുടുംബസമേതം നിരവധി സഞ്ചാരികൾ എത്തുന്ന വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ട് പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഞായറാഴ്ച ദിവസങ്ങളില്‍ മാത്രം ഏകദേശം ആയിരത്തിലേറെ പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.

‘പൂങ്കാവനം ജനകീയ കമ്മിറ്റി’യുടെ നേതൃത്വത്തില്‍ ഇവിടെ തണല്‍മരങ്ങളും സൗന്ദര്യ വത്കരണത്തിന്‍റെ ഭാഗമായി ചെടികളും വെച്ചുപിടിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി കിട്ടിയാല്‍ വിനോദ പാര്‍ക്കും ഓപണ്‍ ജിംനേഷ്യവും നിര്‍മിക്കാനും ഒരുക്കം നടക്കുന്നുണ്ട്. ഇതിന് വെട്ടത്തൂര്‍ പഞ്ചായത്ത് ഭരണസമിതി സര്‍ക്കാറിന്‍റെ അനുമതി തേടിയിട്ടുണ്ട്. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടായാല്‍ ജില്ലയിലെ ഏക അണക്കെട്ടായ പൂങ്കാവനം വിനോദ സഞ്ചാര മേഖലയിലേക്ക് പുതിയ വാതായനങ്ങള്‍ തുറന്നിടും. ഡാമിലേക്കുള്ള പഴയ ചവിട്ടുപടികള്‍ നവീകരിക്കാനും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും ഗ്രാമ പഞ്ചായത്ത് 4.16 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്‍റ് സി.എം. മുസ്തഫ പറഞ്ഞു.

മൈനര്‍ ഇറിഗേഷൻ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നും വാര്‍ഡ് മെംബര്‍ ജലീല്‍ കണക്കപ്പിള്ള പറഞ്ഞു. നിലവില്‍ ചെറുകിട ജലസേചന വകുപ്പിന്‍റെ ഉടമസ്ഥതയിലാണ് 24 ഏക്കര്‍ വിസ്തൃതിയുള്ള ഈ പ്രദേശം. ഇത് ഉപയോഗപ്പെടുത്തി വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ രംഗത്തുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പാറക്കെട്ടുകളില്‍ ചിത്രങ്ങള്‍ വരച്ച്‌ മനോഹരമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് നവകേരളം മാലിന്യമുക്തം പദ്ധതിയുടെ ഭാഗമായാണ് ഡാം പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *