
Perinthalmanna Radio
Date: 18-12-2023
മലപ്പുറം: ആധാറില്‍ വ്യക്തിഗതവിവരങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ ദേശീയതലത്തില്‍ കേരളം ഏറെമുന്നില്‍. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ജൂലായ് മുതല്‍ തുടര്‍ച്ചയായി കേരളമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ദേശീയാടിസ്ഥാനത്തില്‍ ജില്ല തിരിച്ചുള്ള കണക്കില്‍ ഏറെമുന്നിലുള്ള ഏഴു ജില്ലകളും കേരളത്തിലാണ്. ആദ്യ 20 ജില്ലകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്ന ദേശീയ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.)യുടെ നിര്‍ദ്ദേശപ്രകാരമാണ്, 10 വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കുന്നതിന്റെ ഭാഗമായി വ്യക്തിഗതവിവരങ്ങളുടെ രേഖകള്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നത്. ഈ പ്രവൃത്തിയുടെ ഓരോ മാസത്തെയും ദേശീയതലത്തിലുള്ള സ്ഥിതിവിവരം യു.ഐ.ഡി.എ.ഐ. പ്രസിദ്ധീകരിച്ചതിലാണ് ജൂലായ് മുതല്‍ നവംബര്‍ വരെ തുടര്‍ച്ചയായി കേരളം ഒന്നാംസ്ഥാനത്തെത്തിയത്.
ആധാറില്‍ രേഖകള്‍ അപ്ലോഡ് ചെയ്യുന്ന പ്രവൃത്തിയില്‍ ജൂണ്‍ വരെ സംസ്ഥാനത്ത് വലിയ ചലനങ്ങളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുകളുടെ നേതൃത്വത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ നടപ്പാക്കിയ പ്രത്യേക കാമ്പയിനെത്തുടര്ന്നാണ് കേരളം മുന്നിലെത്തിയത്.
മലപ്പുറം ബഹുദൂരം മുന്നില
രാജ്യത്തും സംസ്ഥാനത്തും ബഹുദൂരം മുന്നിലാണ് മലപ്പുറം. കഴിഞ്ഞ അഞ്ചു മാസവും ദേശീയതലത്തില്‍ മലപ്പുറമാണ് മുന്നില്‍. തൊട്ടുപിന്നിലുള്ള ഏഴു ജില്ലകളും അഞ്ചു മാസം കൊണ്ട് ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയില്‍ വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍ മലപ്പുറം മൂന്ന് ലക്ഷത്തിലധികം ആധാറുകളുടെ രേഖകളാണ് അപ്ലോഡ് ചെയ്തത്.
രണ്ടാംസ്ഥാനത്തുള്ള കണ്ണൂര്‍ 1,96,103, മൂന്നാംസ്ഥാനത്തുള്ള എറണാകുളം 1,77,328 രേഖകള്‍ ചേര്‍ത്തപ്പോള്‍ മലപ്പുറത്ത് 3,17,031 പേരുടെ രേഖകളാണ് അപ്ലോഡ് ചെയ്തത്.
കൂടുതല്‍പ്പേരുടെ ആധാര്‍ എൻറോൾമെന്റ് പൂര്‍ത്തീകരിച്ചതിന് ജില്ലയിലെ അക്ഷയസംരംഭകര്‍ക്ക് യു.ഐ.ഡി.എ.ഐ.യുടെ അനുമോദനം ലഭിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
