
Perinthalmanna Radio
Date: 22-12-2023
പെരിന്തൽമണ്ണ∙ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ വൈദ്യുതീകരണ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള റെയിൽവേയുടെ മരംമുറിക്ക് വനം വകുപ്പിന്റെ വിലക്ക്. ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയം സംസ്ഥാന വനംവകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററിൽ നിന്ന് വിശദീകരണം തേടി.
ഇതോടെ പാതയിലെ വൈദ്യുതീകരണ പ്രവൃത്തികൾക്ക് വേഗം കുറയുമോ എന്ന് ആശങ്കയായി. പാതയിലെ വൈദ്യുതീകരണ പ്രവൃത്തികൾക്കായി ഇതിനകം 4000 മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. സേവ് വെറ്റ്ലാൻഡ്സ് ഇന്റർ നാഷനൽ മൂവ്മെന്റ് സിഇഒ തിരുവനന്തപുരം സ്വദേശി തോമസ് ലോറൻസ് നൽകിയ പരാതിയിലാണ് പരിസ്ഥിതി–വനം മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ.
സംഭവം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയത്തിന് നടപടി റിപ്പോർട്ട് സമർപ്പിക്കാനും അസി.ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് ഫോറസ്‌റ്റ് ഡോ.ശോഭിത അഗർവാൾ നിർദേശിച്ചിട്ടുണ്ട്.
അതേ സമയം വനം വകുപ്പിന്റെ നിലപാടിന് എതിരെ നിലമ്പൂർ – മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ രംഗത്തെത്തി. രാജ്യമാകെ വൈദ്യുതീകരണ പ്രവൃത്തി നടക്കുന്ന സാഹചര്യത്തിൽ ഷൊർണൂർ–നിലമ്പൂർ പാതയിൽ മരം മുറിയുടെ പേരിൽ വികസന പ്രവൃത്തി തടസ്സപ്പെട്ടാൽ ഭാവിയിൽ ഇതുവഴി ട്രെയിൻ ഗതാഗതം തന്നെ നിന്നു പോകുന്ന സാഹചര്യമുണ്ടാകുമെന്ന് ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് സി.മുഹമ്മദലി പറഞ്ഞു.
പാതയിൽ വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ പുതിയ മെമു സർവീസ് ഉൾപ്പെടെ ഒട്ടേറെ വികസന പ്രതീക്ഷകളുണ്ട്. പാലക്കാട് റെയിൽവേ ഡിവിഷനിൽ ഈ പാതയിൽ മാത്രമാണ് ഇനി വൈദ്യുതീകരണം പൂർത്തിയാകാനുള്ളത്. 2024 മാർച്ചോടെ പൂർത്തിയാക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
