
Perinthalmanna Radio
Date: 31-12-2023
പെരിന്തൽമണ്ണ: മരാമത്ത് ജോലികളുടെ കാര്യത്തിൽ നഗരസഭ പ്രതിപക്ഷ വാർഡുകളെ അവഗണിക്കുന്നതായി ഭരണപക്ഷവും സ്ഥലം എംഎൽഎ ഭരണപക്ഷ വാർഡുകളെയും നഗരസഭയെയും അവഗണിക്കുന്നതായി ഭരണപക്ഷ കൗൺസിലർമാരും ആക്ഷേപം ഉയർത്തിയതോടെ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ബഹളമയമായി.
സാമ്പത്തിക പ്രതിസന്ധിമൂലം വാർഡുകളിൽ പുതിയ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്നും നിലവിലുള്ളവയുടെ പൂർത്തീകരണവും അറ്റകുറ്റപ്പണിയും മതിയെന്നൂം നിലപാടെടുക്കുമ്പോഴും ഭരണപക്ഷ വാർഡുകളിൽ പുതിയ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതായി പ്രതിപക്ഷ കൗൺസിലർ പച്ചീരി ഫാറൂഖ് ആരോപിച്ചു. ഈ നില ഇനിയെങ്കിലും മാറണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ഹുസൈന നാസറും പത്തത്ത് ജാഫറും ആരോപണം ഏറ്റെടുത്തു.
എന്നാൽ ആരോപണം തള്ളിയ നഗരസഭാധ്യക്ഷനും സ്ഥിരസമിതി അധ്യക്ഷൻ കെ.ഉണ്ണിക്കൃഷ്ണനും പൈപ്ലൈൻ സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ അറ്റകുറ്റപ്പണി നടത്തിയതായി ചൂണ്ടിക്കാട്ടി. ഇപ്പോൾ മറ്റു റോഡുകളുടെ അറ്റകുറ്റപ്പണിയും നടക്കുകയാണ്. വാർഡുകളിലെ അപേക്ഷ നൽകിയ എല്ലാവർക്കും പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും നടക്കുകയാണ്. വികസന കാര്യത്തിൽ നഗരസഭ വിവേചനം കാണിക്കില്ലെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളിലെയും തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തുമെന്നും എല്ലാ വാർഡിലും പുതിയ ഓരോ പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കുമെന്നും ഉറപ്പുനൽകിയ കെ.ഉണ്ണിക്കൃഷ്ണൻ, 13 ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിച്ചപ്പോൾ എംഎൽഎ, ഭരണപക്ഷ വാർഡുകളെ ഒഴിവാക്കിയതായും നഗരസഭയെ അവഗണിക്കുന്നതായും ആരോപിച്ചു.
ടൗൺഹാൾ റോഡ് നഗരസഭയിലാണെങ്കിലും ചെയർമാനെ ഉദ്ഘാടനം അറിയിക്കുകയെന്ന സാമാന്യ മര്യാദ പോലും കാട്ടിയില്ല. ജംക്ഷൻ വിപുലീകരണത്തിന് പദ്ധതി തയാറാക്കുമ്പോഴും നഗരസഭയുമായി ചർച്ച നടത്തുകയോ ഇതുസംബന്ധിച്ച് കത്തു നൽകുകയോ പോലും ചെയ്തില്ല. അതേസമയം നഗരസഭ, എംഎൽഎയെ പരമാവധി അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രധാന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ പോലും എംഎൽഎയെ അവഗണിച്ചതായും പ്രതിപക്ഷം ആക്ഷേപം ഉയർത്തി. കഴിഞ്ഞ വർഷം അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളിൽ രണ്ടെണ്ണം നഗരസഭാധ്യക്ഷൻ നിർദേശിച്ച സ്ഥലത്താണ് നൽകിയതെന്നും പ്രതിപക്ഷം പറഞ്ഞു.
3 വർഷം കാര്യമായി ഒരു വികസനവും നടന്നില്ലെന്നും ഹൈടെക് മാർക്കറ്റിന്റെയും ആയുർവേദ ആശുപത്രിയുടെയും ഉൾപ്പെടെ നിർമാണം സ്തംഭിച്ചു കിടക്കുന്നത് മുൻ എൽഡിഎഫ് കൗൺസിലിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും പ്രതിപക്ഷം ആരോപിച്ചു. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എന്തെങ്കിലും പാലിക്കണമെന്നും അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൗൺസിൽ യോഗത്തിനു മുൻപായി നഗരസഭാ കൗൺസിൽ 3 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. നഗരസഭാധ്യക്ഷൻ കേക്ക് മുറിച്ച് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങ് കഴിഞ്ഞ ശേഷമാണ് പ്രതിപക്ഷം യോഗത്തിനെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
