കരിപ്പൂർ വിമാന താവളത്തിന് നേട്ടങ്ങളുടെ വർഷമാണ് കടന്നു പോകുന്നത്

Share to

Perinthalmanna Radio
Date: 31-12-2023

കരിപ്പൂർ വിമാന താവളത്തിന്റെ വികസനക്കുതിപ്പിന് വേഗംപകർന്ന വർഷമാണ് കടന്നുപോകുന്നത്. ഭൂമി ഏറ്റെടുക്കൽ, റൺവേ ബലപ്പെടുത്തൽ, പുതിയ സുരക്ഷാസജ്ജീകരണങ്ങൾ തുടങ്ങി വരുംകാല വികസനത്തിനുകൂടി അടിത്തറയിടുന്ന പദ്ധതികളാണ് 2023-ൽ നടപ്പായത്.

അനിശ്ചിതത്വങ്ങളും ആശങ്കകളും ഇല്ലാതാക്കി റെസ നവീകരണത്തിന് ഭൂമി ഏറ്റടുക്കാനായതാണ് ഏറ്റവും വലിയ നേട്ടം. ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈമാറിയില്ലെങ്കിൽ വിമാനത്താവളത്തിലെ റൺവേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് ഭൂമി ഏറ്റെടുത്തത്. 90 മീറ്ററിൽനിന്ന് 240 മീറ്ററായി റെസ വർധിപ്പിക്കുന്നതിന് ഭൂമി ലഭിച്ചില്ലെങ്കിൽ 2860 മീറ്റർ നീളമുള്ള റൺവേ 2540 മീറ്ററായി കുറയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതു സംഭവിച്ചാൽ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് എന്നെന്നേക്കുമായി നിലയ്ക്കുമായിരുന്നു. പള്ളിക്കൽ വില്ലേജിൽ 5.56 ഏക്കറും നെടിയിരുപ്പ് വില്ലേജിൽ 6.9 ഏക്കറുമടക്കം 12.48 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നൽകിയത്.

കുടിയൊഴിഞ്ഞ 32 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ തോതിൽ പ്രത്യേക പുനരധിവാസ പാക്കേജും നൽകി. മൊത്തം 72.85 കോടി രൂപയാണ് നഷ്ടപരിഹാരമായി കൊടുത്തത്. റെസ നിർമാണത്തിനുള്ള കരാർ 322 കോടിക്ക് രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്‌ഷൻ കമ്പനിയാണ് ഏറ്റെടുത്തത്. നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. 19 മാസത്തിനകം റെസ നിർമിക്കണമെന്നാണ് കരാർ.

2023-ൽ പത്തു മാസത്തോളം കരിപ്പൂരിൽ പകൽ വിമാന സർവീസുകൾക്ക് വിലക്കായിരുന്നു. റൺവേ റീ കാർപെറ്റിങ് പ്രവൃത്തിക്കായാണ് ജനുവരി മുതൽ ഒക്ടോബർ വരെ പകൽ റൺവേ അടച്ചിട്ടത്. 10 മണി മുതൽ ആറു മണിവരെയായിരുന്നു നിയന്ത്രണം. 60 കോടി രൂപയ്ക്കാണ് റൺവേ റീകാർപെറ്റിങ് പൂർത്തീകരിച്ചത്. ഇതോടൊപ്പം വ്യോമഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിന് സെൻട്രൽലൈൻ ലൈറ്റ്, ടച്ച്‌ഡൗൺ സോൺ ലൈറ്റ് എന്നിവയും സ്ഥാപിച്ചു. മൂടൽമഞ്ഞ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയിലും ഇതുവഴി സുരക്ഷിതമായി വിമാനമിറക്കാനാകും.

മുൻവർഷത്തെ അപേക്ഷിച്ച് 2023-ൽ കരിപ്പൂരിൽ വിമാന സർവീസുകളും യാത്രക്കാരും വർധിച്ചു. 2022 നവംബറിൽ 1291 വിമാന സർവീസുകളായിരുന്നു. കഴിഞ്ഞ നവംബറിൽ സർവീസുകളുടെ എണ്ണം 1334 ആയി ഉയർന്നു. 2022 നവംബറിൽ കരിപ്പൂർ വഴി 1,83,161 പേരാണ് യാത്രചെയ്തത്. ഈ നവംബറിൽ 2,03,262 പേരാണ് വിമാനത്താവളം ഉപയോഗിച്ചത്.

കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിൽനിന്ന് സർവീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. സലാം എയർ സർവീസ് തുടങ്ങിക്കഴിഞ്ഞു. ഇത്തിഹാദ് എയർവെയ്‌സ് ജനുവരി ഒന്നിന് സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്‌പ്രസ് അടക്കം കൂടുതൽ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ എക്സ്‌റേ മെഷീൻ, പാലെറ്റ് ട്രക്കുകൾ, ട്രോളികൾ തുടങ്ങിയവ വരുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂരിലെ കാർഗോ കോംപ്ലക്‌സ്. കൂടുതൽ സ്ഥലം ലഭിക്കുന്നപക്ഷം ശീതീകരണസംവിധാനവും നടപ്പാക്കുമെന്ന്‌ മന്ത്രി പി. രാജീവ് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചരക്ക് കയറ്റുമതിക്ക് വലിയ സാധ്യതയുണ്ടെങ്കിലും കരിപ്പൂരിൽ വേണ്ടത്ര വളർച്ചയില്ല. വലിയ വെല്ലുവിളികൾ നേരിടുന്നുമുണ്ട്. കാർഗോ കോംപ്ലക്‌സ് വികസനം ചരക്ക് കയറ്റുമതിയുടെ വളർച്ചയ്ക്കു സഹായകമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *