
Perinthalmanna Radio
Date: 01-01-2024
പെരിന്തൽണ്ണ : റിസർവേഷൻ സൗകര്യമടക്കമുള്ള പെരിന്തൽമണ്ണ- തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടയ്ക്ക് റദ്ദാക്കുന്നതും വൈകിയെത്തുന്നതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് രാവിലെ ഏഴരയ്ക്ക് പുറപ്പെടുന്ന ബസാണ് ശനിയാഴ്ച പെട്ടെന്ന് റദ്ദാക്കിയത്. തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് ടിക്കറ്റ് റിസർവ് ചെയ്തിരുന്ന യാത്രക്കാരാണ് ഇതോടെ വെട്ടിലായത്. ബദൽ സംവിധാനമൊരുക്കാത്തതിനാൽ പലരും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടിയിൽ ഷൊർണൂരിലെത്തി തിരുവനന്തപുരത്തേക്ക് പോകേണ്ടിവന്നു.
ഡിപ്പോയിലെ കൗണ്ടറിൽ പരാതി പറയുമ്പോഴും യാത്രക്കാരുടെ അവസ്ഥ മനസ്സിലാക്കിയുള്ള പ്രതികരണം ലഭിച്ചില്ല. സ്ഥിരമായി കൃത്യസമയത്ത് ഓടിക്കൊണ്ടിരുന്ന സർവീസായതിനാൽ സ്ഥിരം യാത്രക്കാരുമുണ്ട്. സർവീസ് റദ്ദാക്കുന്നത് അറിയുമ്പോൾ റിസർവേഷൻ റദ്ദാക്കാനുള്ള സമയം കഴിയുന്നതിനാൽ അടച്ച പണം തിരിച്ചുകിട്ടാത്തതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നു.
രാവിലെ പുറപ്പെടുന്ന സർവീസ് വൈകീട്ട് ആറോടെ തിരുവനന്തപുരത്തെത്തും. തീവണ്ടിക്ക് ടിക്കറ്റുകൾ കുറവായതിനാൽ നിരവധി ആളുകൾ ഈ ബസിനെ ആശ്രയിക്കുന്നുണ്ട്. കൃത്യസമയത്ത് ഓടിയിരുന്ന സർവീസ് റദ്ദാകുന്നതും വൈകിയെത്തുന്നതും യാത്രക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.
അതേസമയം ഡിപ്പോയിലെ മൂന്ന് സ്വിഫ്റ്റ് ബസുകളിലൊന്ന് അപകടത്തിൽപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. മൂന്ന് ബസുകൾ ഉപയോഗിച്ചാണ് രാവിലെ 6.20-നും ഏഴരയ്ക്കുമുള്ള തിരുവനന്തപുരം സർവീസുകൾ നടത്തിയിരുന്നത്.
രാവിലെ അയയ്ക്കുന്ന ബസ് തിരികെ പെരിന്തൽമണ്ണയിലെത്തി അറ്റകുറ്റപ്പണികളും പരിശോധനകളും കഴിഞ്ഞശേഷമാണ് വീണ്ടും തിരുവനന്തപുരത്തേക്ക് വിടുന്നത്.
ഗതാഗതക്കുരുക്കും മറ്റുംകൊണ്ട് എത്താൻ വൈകിയാൽ കൃത്യസമയത്ത് സർവീസ് അയക്കാനാകില്ല. മൂന്ന് ബസുകളുണ്ടായിരുന്നപ്പോൾ ബസ് തിരികെവരാൻ കാത്തിരിക്കേണ്ടിയിരുന്നില്ല. സർവീസ് റദ്ദാക്കുന്ന സമയത്ത് തൃശ്ശൂർ, എറണാകുളം ഭാഗത്തേക്ക് പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെടുന്ന ബസുകളില്ല. മറ്റ് ഡിപ്പോകളിൽനിന്നുള്ളവയിൽ യാത്രക്കാരുണ്ടാകുന്നതിനാൽ സീറ്റ് ലഭിക്കാത്തതും പ്രശ്‌നമാകുകയാണെന്ന് അധികൃതർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
