പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

Share to

Perinthalmanna Radio
Date: 08-01-2024

പട്ടിക്കാട്: ദക്ഷിണേന്ത്യയില്‍ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 61ാം വാര്‍ഷിക 59ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. 572 പേര്‍ ഫൈസി ബിരുദം സ്വീകരിച്ച്‌ മതവൈജ്ഞാനിക രംഗത്തേക്ക് പ്രവേശിച്ചു. ഇതോടെ 8819 ഫൈസിമാരാണ് ജാമിഅയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയത്.

സമ്മേളനവേദിയായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയിലേക്ക് അണമുറിയാതെ ഒഴുകിയെത്തിയ ജനസാഗരം, മതവിജ്ഞാന ദാഹികളുടെ സംഗമഭൂമികയായ ജാമിഅ നൂരിയയെ ശുഭ്രസാഗരമാക്കി. അഞ്ച് ദിവസങ്ങളിലായി നടന്ന വൈജ്ഞാനിക- ദാര്‍ശനിക സെഷനുകള്‍ക്ക് ശേഷം നടന്ന സമാപനസമ്മേളനത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരുള്‍പ്പെടെയുള്ള പണ്ഡിതര്‍ പ്രഭാഷണം നടത്തി. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ജനം ഫൈസാബാദിനെ ലക്ഷ്യമാക്കി എത്താൻ തുടങ്ങിയിരുന്നു. വൈകുന്നേരം നടന്ന പ്രാര്‍ഥനാസദസ്സിലും സമ്മേളനനഗരിയില്‍ നടന്ന മഗ്രിബ് നമസ്കാരത്തിലും നിരവധി പേര്‍ പങ്കെടുത്തു. സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നും നാടിന്‍റെ നാനാദിക്കുകളില്‍ നിന്നും നിരവധി പേരെത്തി.

ബഹ്റൈൻ പാര്‍ലമെന്‍റ് ഡെപ്യൂട്ടി സ്പീക്കര്‍ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടന്ന പ്രാര്‍ഥനക്ക് അദ്ദേഹം നേതൃത്വം നല്‍കി. അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജാമിഅ നൂരിയ്യ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാനം നിര്‍വഹിച്ചു. ജാമിഅ പ്രിൻസിപ്പല്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു.

മാണിയൂര്‍ അഹ്‌മദ്‌ മുസ് ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എം.പി. അബദുസ്സമദ് സമദാനി എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, മുനവറലി തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, ഹാഷിറലി ശിഹാബ് തങ്ങള്‍, ഹാരിസലി ശിഹാബ് തങ്ങള്‍, അബ്ദുറഷീദ് അലി ശിഹാബ് തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹസൻ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി, മുഹമ്ദലി ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി. മുസ്തഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അലവി ഫൈസി കുളപ്പറമ്ബ്, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, സല്‍മാന്‍ ഫൈസി മിര്‍ജാനി, അബ്ദുറഹിമാന്‍ ഫൈസി കുട്ടശ്ശേരി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, നാലകത്ത് സൂപ്പി, സലീം എടക്കര, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുപുറം തുടങ്ങിയവര്‍ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *