
Perinthalmanna Radio
Date: 11-01-2024
പെരിന്തൽമണ്ണ : നഗരസഭയിലെ ഒലിങ്കര പ്രദേശത്ത് ഒരുമാസത്തിനിടെ ചത്തത് ഏഴ് നായക്കുഞ്ഞുങ്ങളടക്കം 12 തെരുവുനായ്‌ക്കൾ. നാട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മരണകാരണമറിയാൻ വെറ്ററിനറി സർജന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പെരിന്തൽമണ്ണ ഗവ. മൃഗാശുപത്രിയിൽ നായയുടെ മൃതശരീര പരിശോധന നടത്തി.
ആന്തരികാവയവങ്ങളുടെ സാമ്പിൾ കോഴിക്കോട് റീജണൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പോലീസ് ഇടപെട്ട് തെരുവുനായയുടെ മൃതശരീര പരിശോധന നടത്തുന്നത് അപൂർവമായാണ്.
ഒലിങ്കര സഹകരണ സ്‌കൂളിനു സമീപ പ്രദേശങ്ങളിലാണ് സംഭവം. ഒരാഴ്ചയ്ക്കിടെയാണ് അഞ്ചോളം നായ്‌ക്കൾ ചത്തത്. മുൻപ് പലപ്പോഴായി ചത്ത ബാക്കിയുള്ള നായ്‌ക്കളെ നാട്ടുകാർതന്നെ കുഴിച്ചിട്ടിരുന്നു. ഭക്ഷണത്തിനൊപ്പം വിഷം അകത്തു ചെന്നതാകുമെന്നും ആരോ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നുമാണ് നാട്ടുകാർ സംശയിക്കുന്നത്. പ്രദേശത്ത് തെരുവുനായ്‌ക്കൾ പെറ്റുപെരുകി വളരുന്നത് പതിവായിരുന്നു.
അതേസമയം, മറ്റെന്തെങ്കിലും രോഗം ബാധിച്ചതാകാമെന്ന സംശയവും ഉയർന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
തുടർച്ചയായി തെരുവുനായ്‌ക്കൾ ചത്തപ്പോൾ നാട്ടുകാർ നഗരസഭാ അധികൃതരെ അറിയിക്കുകയും കുഴിച്ചിടുകയുംചെയ്തിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാമത്തെ നായ ചത്തത്.
അവശനിലയിൽ കണ്ടെത്തിയ നായയ്ക്ക് വെള്ളവും മറ്റും നൽകിയെങ്കിലും കുറച്ചുദൂരം പോയി വീണ് ചാകുകയായിരുന്നു. പരാതിയിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വെറ്ററിനറി സർജൻമാരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹ പരിശോധന. കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒപ്പം ലാബിൽനിന്ന് പരിശോധനാഫലവും വന്നാലേ സംഭവത്തിൽ കൂടുതൽ വ്യക്തയുണ്ടാകൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
