അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനി‍ൽ വാഹന പാർക്കിങ് ഇനത്തിൽ കൊള്ളലാഭം

Share to

Perinthalmanna Radio
Date: 16-01-2024

പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വാഹന പാർക്കിങ്ങിന് ഇരട്ടിയിലേറെ ചാർജ് ഈടാക്കുന്നതായി പരാതി. എ കാറ്റഗറി റെയിൽവേ സ്‌റ്റേഷനുകളിൽ ഈടാക്കുന്നതിനെക്കാളേറെ ചാർജാണ് ഇവിടെ ഈടാക്കുന്നത്. ബൈക്ക് പാർക്കിങ്ങിന് 12 മണിക്കൂർ സമയം നിർത്തിയിടാൻ 6 രൂപയാണ് റെയിൽവേ നിശ്ചയിച്ച ചാർജ്.

എന്നാൽ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ 20 രൂപ നൽകണം. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നിർത്തിയിടാൻ പോലും റെയിൽവേയുടെ കണക്ക് പ്രകാരം 12 രൂപയേയുള്ളൂ.  കാറിന് 12 മണിക്കൂർ സമയത്തേക്ക് 15 രൂപയാണ് നിശ്ചയിച്ച ചാർജ്. എന്നാൽ ഇവിടെ ഈടാക്കുന്നത് 50 രൂപയാണ്.

വാഹനങ്ങളുടെ സീസൺ പാർക്കിങ് ഒരു മാസത്തേക്ക് റെയിൽവേ നിശ്ചയിച്ചത് 150 രൂപയാണ്. എന്നാൽ ഇവിടെ ഈടാക്കുന്നത് 300 രൂപയാണ്.  പണം നൽകുന്നവർക്ക് സതേൺ റെയിൽവേ, അങ്ങാടിപ്പുറം എന്ന പേരിൽ പ്രിന്റ് ചെയ്‌ത രസീത് നൽകുന്നുണ്ട്. നിരക്കുകൾ രേഖപ്പെടുത്തിയ ബോർഡ് യാത്രക്കാർ കാൺകെ പ്രദർശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ നിരക്കുകൾ രേഖപ്പെടുത്തിയ ബോർഡ് ഇവിടെ ആരും കാണാത്ത വിധം അലക്ഷ്യമായി മാറ്റിവച്ചിരിക്കുകയാണ്.

ആരെങ്കിലും ചാർജ് വർധന ചോദ്യം ചെയ്‌താൽ താൽപര്യം ഉണ്ടെങ്കിൽ നിർത്തിയാൽ മതിയെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടിയെന്ന് യാത്രക്കാർ പറയുന്നു. ഇതു സംബന്ധിച്ച് പലരും പല തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും വീണ്ടും ഇതുതന്നെ സ്ഥിതി.  എ കാറ്റഗറി സ്‌റ്റേഷനായ ഷൊർണൂരിൽ പോലും ബൈക്ക് ഒരു ദിവസം നിർത്തിയിടാൻ 18 രൂപയാണ് ഈടാക്കുന്നത്. ഡി കാറ്റഗറിയിലാണ് അങ്ങാടിപ്പുറം.

ഇതേ റൂട്ടിലെ തന്നെ സമാന കാറ്റഗറിയിലുള്ള നിലമ്പൂരിൽ ബൈക്കിന് ഒരു ദിവസത്തേക്ക് വാങ്ങുന്നത് 12 രൂപയാണ്. കാറിന് 30 രൂപയാണ്.  ബൈക്കിന് അമിത ചാർജ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒക്‌ടോബറിൽ അങ്ങാടിപ്പുറം സ്വദേശി നൽകിയ പരാതിയിൽ ബന്ധപ്പെട്ട പാർക്കിങ് കോൺട്രാക്‌ടർക്ക് കർശന നിർദേശം നൽകിയതായും പിഴ ഈടാക്കിയതായും റെയിൽവേ അധികൃതർ മറുപടി നൽകിയിരുന്നു. എന്നാൽ അതിനു ശേഷവും അധിക ചാർജ് തന്നെയാണ് ഈടാക്കുന്നതെന്നാണ് ആക്ഷേപം. 

അതേ സമയം, കരാറുകാരൻ സ്വന്തം ചെലവിൽ പാർക്കിങ് ഷെഡ് പണിതതിനാലാണ് അധിക ചാർജ് വാങ്ങുന്നതെന്നാണ് കരാറുകാരനുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇവിടെ സ്ഥിരമായി വാഹനം നിർത്തിയിടുന്ന ഏറെപ്പേരുണ്ട്. ഇവരുമായും റെയിൽവേ അധികൃതരുമായും ഇക്കാര്യം ചർച്ച ചെയ്‌തതിനു ശേഷമാണ് ഷെഡ് പണിതതെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഇതു സംബന്ധിച്ച് പരാതി പറയുന്നവരിൽനിന്ന് കുറഞ്ഞ ചാർജാണ് കരാറുകാരൻ ഈടാക്കുന്നതെന്നാണ് റെയിൽവേ സ്‌റ്റേഷൻ അധികൃതർ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *