
Perinthalmanna Radio
Date: 23-01-2024
ആലിപ്പറമ്പ്: ആലിപ്പറമ്പ് കാളികടവ് പാലത്തിന്റെ അനുബന്ധ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാൻ മലപ്പുറം, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി. സ്ഥലത്തിന് നൽകേണ്ട തുകക്കായി ചെർപ്പുളശ്ശേരി നഗരസഭ, ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത്, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ ലഭ്യമാക്കുന്നതിനും തികയാതെ വരുന്ന സംഖ്യ പൊതു ജനങ്ങളിൽ നിന്ന് സ്വീകരിക്കാനും തീരുമാനിച്ചു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ പുതിയ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന് സർവേ നടപടികൾ നടത്തുന്നതിന് ഫണ്ട് അനുവദിക്കുന്നതിനായി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് പൊതുമരാമത്ത് (പാലം) വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. 2018-ലെ പ്രളയത്തിൽ തൂതപ്പുഴയിലുണ്ടായ ഏറ്റവും ഉയർന്ന ജലനിരപ്പ് അടിസ്ഥാനമാക്കി പാലത്തിന് പുതിയ വിശദ പദ്ധതി രേഖ ഉണ്ടാക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഷൊർണൂർ എം.എൽ.എ. മമ്മിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ, ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. മാനു, വാർഡംഗങ്ങളായ എം.പി. മജീദ്, ടി.കെ. നവാസ്, പൊതുമരാമത്ത് വകുപ്പ് മഞ്ചേരി ഡിവിഷൻ (പാലം വിഭാഗം) അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ വിനോദ്കുമാർ, ഇ. രാജേഷ്, ടി.കെ. ഹംസ (മുത്തു), എൻ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കാട് ജില്ലയിലെ കാറൽമണ്ണ ഭാഗത്ത് സമീപന റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സ്ഥലമുടമകളുമായിട്ടുള്ള ഉഭയകക്ഷി ചർച്ചകൾക്കും ഫണ്ടുകൾ ലഭ്യമാക്കുന്നതിനും ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ നേതൃത്വം നൽകും.
മലപ്പുറം ജില്ലയിലെ ആലിപ്പറമ്പിൽ സമീപന റോഡിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾക്കും സ്ഥലമുടമകളുമായുള്ള ചർച്ചകൾക്കുമായി ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ ചെയർമാനും കെ. രാധാകൃഷ്ണൻ കൺവീനറുമായി സർവകക്ഷി കർമസമിതി രൂപവത്കരിച്ചു. യോഗത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥർ തൂതപ്പുഴയിലെ കാളികടവ് സന്ദർശിച്ചു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നിന്ന് തുടങ്ങുന്ന കരിങ്കല്ലത്താണി-കാളികടവ് റോഡിനെ പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ കാറൽമണ്ണ-കാളികടവ് റോഡുമായി ബന്ധിപ്പിക്കുന്നതാണ് തൂതപ്പുഴയിലെ കാളികടവ് പാലം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
