
Perinthalmanna Radio
Date: 23-01-2024
സംസ്ഥാനത്ത് ഭൂരേഖ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി ഇഴയുന്നു. ‘യൂണിക് തണ്ടപ്പേർ’ എന്ന ആശയവും പദ്ധതിയും ഇതുമൂലം മിക്കയിടത്തും നടപ്പായിട്ടില്ല. സംസ്ഥാനത്താകെ 25 ശതമാനത്തിൽത്താഴെ മാത്രമാണ് ഇതിനകം ബന്ധിപ്പിച്ചിട്ടുള്ളത്.
ഭൂരേഖയുമായി ആധാർനമ്പർ ബന്ധിപ്പിച്ചാൽ ഒരാളുടെ പേരിലുള്ള എല്ലാ ഭൂമിക്കും ഒരേ തണ്ടപ്പേരാവും. ആ നമ്പറുപയോഗിച്ച് ഓരോ ഭൂവുടമയ്ക്കും ഇന്ത്യയിലെവിടെ ഭൂമിയുണ്ടെങ്കിലും കണ്ടെത്താനാവും. അനധികൃത സ്വത്തുസമ്പാദനമടക്കമുള്ള സംഭവങ്ങൾ കണ്ടെത്താനും എളുപ്പമാവും.
ഓരോ വില്ലേജിലെയും ഓരോ ദേശത്തിനും പ്രത്യേകം തണ്ടപ്പേരുകളാണ്. ഒരു വില്ലേജിൽ 20 വരെ ദേശങ്ങളുണ്ടാകും. ഇതുമൂലം ഒരു ഭൂവുടമയ്ക്ക് ഒരു വില്ലേജിൽ പലയിടത്തു ഭൂമിയുണ്ടെങ്കിൽ അവ പല തണ്ടപ്പേരുകളിലായതിനാൽ കണ്ടെത്തൽ എളുപ്പമല്ല. ഇതിനു പരിഹാരമായാണ് യുണീക് തണ്ടപ്പേർ എന്ന പദ്ധതി കൊണ്ടുവന്നത്.
യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിന് ഒട്ടേറെ നടപടികൾ സർക്കാർ കൊണ്ടുവന്നിരുന്നു. ആദ്യം റവന്യൂ ലാൻഡ് ഇൻഫർമേഷൻസിസ്റ്റം സോഫ്റ്റ്വേറിൽ അക്ഷയകേന്ദ്രങ്ങൾ വഴി സൗകര്യമൊരുക്കി. ഭൂവുടമകൾ അക്ഷയവഴി ഓൺലൈനിൽ അപേക്ഷിച്ചാൽ വില്ലേജ് ഓഫീസർ പരിശോധിച്ച് യൂണിക് തണ്ടപ്പേർ അനുവദിക്കുന്നതായിരുന്നു രീതി.
അത് കാര്യക്ഷമമാകാത്തതിനെത്തുടർന്ന് റവന്യൂ വകുപ്പ് വില്ലേജ് ഓഫീസുകൾക്ക് കൈവിരൽ സ്കാനർ നൽകി. ഭൂവുടമകൾ വില്ലേജ് ഓഫീസിലെത്തി വിരലടയാളം സ്കാൻ ചെയ്തശേഷം തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഭൂവുടമകൾ സ്വമേധയാ ഇതിനായി വില്ലേജുകളിലെത്തിയില്ല. കർശന നിർദേശം റവന്യൂ വകുപ്പ് ഇറക്കിയതുമില്ല.
തണ്ടപ്പേരനുവദിക്കുമ്പോൾ മൊബൈൽഫോൺ നമ്പർ നിർബന്ധമാക്കിയാൽപ്പോലും ഈ ഉദ്ദേശ്യം ഏറെക്കുറേ നടക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നമ്പർ ചേർക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിർബന്ധമല്ലാത്തതിനാൽ അതും നടക്കുന്നില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
