
Perinthalmanna Radio
Date: 25-01-2024
സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹന രേഖകളിൽ മൊബൈൽ നമ്പർ കൃത്യമല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമകൾക്ക് തന്നെയാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിയമ ലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവിൽ കോടതി കയറേണ്ടി വരും.
ചിലർ ഫോൺനമ്പർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ബന്ധിപ്പിക്കാത്തതാണെങ്കിൽ ചിലരുടെ നമ്പർ തെറ്റി നൽകിയതാണ് പ്രശ്നം. എ.ഐ. ക്യാമറകളും ഇന്റർസെപ്റ്റർ വാഹനങ്ങളും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഇ-ചലാൻ മുഖാന്തരമുള്ള പിഴയുടെ സന്ദേശം ഇതോടെ, ഉടമയ്ക്ക് കിട്ടാതെ പോകുന്നു. മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾക്കായി പോകുമ്പോഴായിരിക്കും പിഴചുമത്തിയെന്നത് ഉടമകൾ അറിയുന്നത്.
പിഴചുമത്തിയാൽ മൂന്നു മാസക്കാലമാണ് ഓൺലൈനായി പിഴയടയ്ക്കാവുന്നത്. അതിനുശേഷം കേസുകൾക്ക് ഓൺലൈനായി തീർപ്പുകല്പിക്കുന്ന വെർച്വൽ കോടതിയിലേക്ക് കേസ് മാറ്റും. പിന്നെ കോടതിനടപടി കഴിഞ്ഞേ പിഴ തീർക്കാനാകൂ. വാഹനം വിൽക്കുക, ഈടുനൽകി വായ്പയെടുക്കാൻ ശ്രമിക്കുക, കാലാവധികഴിഞ്ഞ് ടെസ്റ്റിന് കൊണ്ടുപോകുക, മോട്ടോർവാഹനവകുപ്പിൽ മറ്റു സേവനങ്ങൾക്കായി സമീപിക്കുക തുടങ്ങിയ അവസരങ്ങളിലാണ് ഉടമ വെട്ടിലാകുന്നത്.
അപ്പോഴേക്കും ഓൺലൈനിൽ പിഴയടയ്ക്കാനുള്ള സമയം കഴിഞ്ഞിരിക്കും. പിന്നീട് കോടതിനടപടി പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ. പഴയവാഹനങ്ങളിലാണ് ഈ പ്രശ്നം കൂടുതലുള്ളത്. പുതിയവാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ നമ്പർ ബന്ധിപ്പിക്കുന്നുണ്ട്.
നിയമ ലംഘനത്തിനുള്ള ചലാൻ അയക്കാൻ മോട്ടോർ വാഹന വകുപ്പിൽ നിന്ന് കാലതാമസം വരുത്തുന്നതും ഉടമകൾക്ക് പ്രശ്നമാകുന്നുണ്ട്. മൂന്നുമാസം പൂർത്തിയായശേഷം ചലാൻ ലഭിച്ചാൽ വെർച്വൽ കോടതിവഴി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരുന്നതായും പരാതികളുണ്ട്. 2023 ജൂൺമുതൽ ഒക്ടോബർവരെ 74.32 ലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും 21.03 ലക്ഷത്തിനുമാത്രമാണ് ചലാൻ തയ്യാറാക്കിയിട്ടുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
