കരിപ്പൂർ വഴി ഹജ് യാത്രയ്ക്ക് ഇരട്ടിത്തുക; ഹജ് പുറപ്പെടൽ കേന്ദ്രത്തെ ബാധിക്കുമെന്ന് ആശങ്ക

Share to

Perinthalmanna Radio
Date: 26-01-2024

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി ഹജ് യാത്ര നടത്താൻ ഇരട്ടിത്തുക നൽകണമെന്ന സാഹചര്യം ഒഴിവായില്ലെങ്കിൽ, കരിപ്പൂരിലെ ഹജ് പുറപ്പെടൽ കേന്ദ്രത്തെത്തന്നെ ബാധിച്ചേക്കും. കേരളത്തിൽനിന്നു കൂടുതൽ തീർഥാടകർ മലബാർ പ്രദേശത്തുനിന്നുള്ളവരായതിനാൽ ഇവർ ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ്. കഴിഞ്ഞ വർഷം കേരളത്തിൽനിന്നു പുറപ്പെട്ടത് 11,556 പേർ. ഇതിൽ 7,045 തീർഥാടകരും കരിപ്പൂർ വഴിയാണ് യാത്ര ചെയ്തത്. ആകെ 24,794 അപേക്ഷകരിൽ 14,464 പേരും ആദ്യ ഓപ്ഷനായി തിരഞ്ഞെടുത്തതും കോഴിക്കോട് വിമാനത്താവളമാണ്. തീർഥാടകർക്ക് 2 വിമാനത്താവളം നിർദേശിക്കാം. എന്നാൽ, ആദ്യത്തെ വിമാനത്താവളം വഴി യാത്ര ഇല്ലെങ്കിൽ മാത്രമേ രണ്ടാമത്തെ വിമാനത്താവളം വഴി യാത്ര ചെയ്യാനാകൂ. ‌‌

നിലവിൽ കൂടിയ നിരക്ക് കുറയ്ക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ‌ഇരട്ടിത്തുക നൽകി കോഴിക്കോട് വഴി യാത്ര ചെയ്യാൻ തീർഥാടകർ തയാറാകില്ല. അത് കരിപ്പൂരിലെ ഹജ് പുറപ്പെടൽ കേന്ദ്രത്തെ ബാധിക്കും.

സംസ്ഥാനത്തെ പ്രധാന ഹജ് പുറപ്പെടൽ കേന്ദ്രമാണു കോഴിക്കോട്ടേത്. മാത്രമല്ല, രാജ്യത്തെ കൂടുതൽ സൗകര്യങ്ങളുള്ള ഹജ് ഹൗസുകളിലൊന്ന് കരിപ്പൂരിൽ ആണ്. യാത്രാനിരക്കിന്റെ കാര്യത്തിൽ കേന്ദ്രം ഉടൻ ഇടപെടണമെന്നു സംസ്ഥാന ഹജ് കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ സി.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ മൊയ്തീൻ കുട്ടി, ഡോ.ഐ.പി അബ്ദുസലാം, കെ.പി.സുലൈമാൻ ഹാജി, പി.ടി.അക്ബർ, മുഹമ്മദ് ഖാസിം കോയ, ഉമർ ഫൈസി, അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

ലഭ്യമായ വിവരപ്രകാരം കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും ഹജ് സർവീസ് നടത്താൻ ടെൻഡർ ഉറപ്പിച്ച വിമാനക്കമ്പനിയല്ല കരിപ്പൂരിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നതെന്നും ടിക്കറ്റ് നിരക്കിൽ വലിയ വർധനയിലേക്കു നയിക്കുന്ന സാഹചര്യത്തിന്റെ പ്രധാന കാരണം ഈ വ്യത്യാസമാണെന്നും എം.പി.അബ്ദുസ്സമദ് സമദാനി, കേന്ദ്രമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലും പുറത്തുമുള്ള മറ്റു ഹജ് പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി കരിപ്പൂരിൽനിന്നുള്ള യാത്രക്കാരോടു മാത്രമുള്ള വിവേചനം ആശങ്കാജനകമാണെന്നും സമദാനി കേന്ദ്രമന്ത്രിയെ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *