
Perinthalmanna Radio
Date: 29-01-2024
മലപ്പുറം : തെരുവുനായ നിയന്ത്രണത്തിനായി (എ.ബി.സി.) ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തിയ 53.85 ലക്ഷം രൂപ പിൻവലിച്ച സംസ്ഥാനസർക്കാർ അഞ്ചുവർഷത്തിനുശേഷം തിരിച്ചേൽപ്പിച്ചു. ജില്ലാപഞ്ചായത്ത് തയ്യാറാക്കിയ സംയുക്ത പദ്ധതിയിലേക്ക് ജില്ലാപഞ്ചായത്തും പഞ്ചായത്തുകളും നഗരസഭകളും നൽകിയ 53,85,499 രൂപ 2018-ലാണ് സർക്കാർ പിൻവലിച്ചത്. തെറ്റ് ബോധ്യപ്പെട്ട സർക്കാർ പ്രത്യേക ഉത്തരവിലൂടെ പണം ജില്ലാപഞ്ചായത്തിന് തിരിച്ചുനൽകിയതായി പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.
മാർച്ച് 31-നു മുൻപ് ചെലവഴിച്ചില്ലെന്നു പറഞ്ഞാണ് ജില്ലാപഞ്ചായത്തിന്റെ പദ്ധതിനിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ജില്ലാ ട്രഷറിയിലെ അക്കൗണ്ടിൽനിന്ന് സർക്കാർ പണം പിൻവലിച്ചിരുന്നത്. തെരുവുനായശല്യം രൂക്ഷമായ സമയത്തായിരുന്നു അതിനുവേണ്ടി വകയിരുത്തിയ തുക യഥാസമയം ചെലവഴിച്ചു തീർത്തില്ലെന്ന കാരണത്താൽ തിരിച്ചുപിടിച്ചത്. സർക്കാരിന്റെ സാമ്പത്തികഞെരുക്കം തീർക്കാനായിരുന്നു നടപടിയെന്ന് അന്നുതന്നെ ആക്ഷേപമുയർന്നു.
നായ്‌ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി മുറിവുണങ്ങിയശേഷം പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുപോയി തുറന്നുവിടുന്നതായായിരുന്നു പദ്ധതി. പരിചയമുള്ള ഏജൻസികളുടെ ലഭ്യതക്കുറവും ഇതിനുള്ള അംഗീകാരമുള്ളവരുമായി ബന്ധപ്പെട്ട നിയമനടപടി പ്രശ്‌നങ്ങളും കോടതിവിധികളുമെല്ലാം കാരണമാണ് ഇടയ്ക്കുവെച്ച് പദ്ധതി മുടങ്ങാനും തുക ചെലവഴിക്കാതെ ബാക്കിയാകാനും കാരണമായതെന്ന് ജില്ലാപഞ്ചായത്ത് വിശദീകരിച്ചിരുന്നു. സർക്കാർ നടപടിയിൽ വിവാദവും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
ജില്ലാപഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും ജില്ലാ മൃഗസംരക്ഷണ ഓഫീസറും നിരവധിതവണ സർക്കാരിന് പരാതികൾ നൽകി. മാറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ മന്ത്രിമാരെ നേരിട്ടുകണ്ടും പരാതിയുന്നയിച്ചു. നീണ്ടനാളത്തെ മുറവിളിക്കും എഴുത്തുകുത്തുകൾക്കും ശേഷമാണെങ്കിലും പണം തിരിച്ചു നൽകുന്നതിൽ എം.കെ. റഫീഖ സന്തോഷവും നന്ദിയും അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
