പ്രദർശനമേളയ്ക്കിടെ സംഘർഷം സംഘാടകർക്ക് നോട്ടീസ് നൽകി നഗരസഭ

Share to

Perinthalmanna Radio
Date: 01-02-2024

പെരിന്തൽമണ്ണ : പ്രദർശനമേളയ്ക്ക് നൽകിയ അനുമതിയിലെ നിബന്ധനകൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ സംഘാടകർക്ക് നോട്ടീസ് നൽകി പെരിന്തൽമണ്ണ നഗരസഭ. രണ്ടുദിവസത്തിനകം കാരണം കാണിക്കാനാവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകീട്ടാണ് നോട്ടീസ് നൽകിയത്. വ്യാഴാഴ്ചയും വിശദീകരണം ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസ് നൽകിയ നഗരസഭാ ക്ലീൻസിറ്റി മാനേജർ അറിയിച്ചു. ഒന്നാം വാർഡിൽ ബൈപ്പാസിന് സമീപത്തെ എക്‌സ്‌പോ ഗ്രൗണ്ടിൽ മൂന്നു ദിവസത്തെ താത്കാലിക വ്യാപാരത്തിനായി 34 സ്റ്റാളുകൾ ഉൾപ്പെടുത്തി വ്യാപാരം നടത്തുന്നതിനാണ് തിരൂർക്കാട് സ്വദേശിക്ക് നഗരസഭ അനുമതി നൽകിയിരുന്നത്.

എന്നാൽ ഇവിടെ 61 സ്റ്റാളുകൾ അധികമായി സ്ഥാപിക്കുകയും മതിയായ സുരക്ഷാസംവിധാനങ്ങളോ മാലിന്യസംസ്‌കരണ സംവിധാനങ്ങളോ മതിയായ ശൗചാലയ സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്ന് നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

അജൈവമാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചതായും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ മുനിസിപ്പൽ നിയമങ്ങളുടെ ലംഘനമായതിനാൽ 10,000 രൂപയിൽ കുറയാതെയും 50,000 രൂപയിൽ കൂടാതെയുമുള്ള തുക പിഴയും ആറുമാസത്തിൽ കുറയാതെയും ഒരുവർഷത്തിൽ കൂടാതെയുമുള്ള തടവുശിക്ഷയ്ക്കും കാരണമാകുന്ന കുറ്റമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതിസംരക്ഷണ വകുപ്പ് പ്രകാരം പരമാവധി ഒരുലക്ഷം രൂപ പിഴയും അഞ്ചുവർഷംവരെ തടവും ചുമത്താവുന്ന കുറ്റമാണെന്നും നോട്ടീസിലുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ അക്രമാസക്തരായ ജനം ശബ്ദസംവിധാനങ്ങളും കൂളർ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചിരുന്നു. പ്രദർശനമേളയുടെ സമാപനത്തിൽ നടത്തിയ സംഗീതപരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. തുടർന്ന് സംഘാടകരുൾപ്പെടെ 15 പേരെ ഇതിനകം അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *