മൂന്നിലൊന്ന് പ്രതിനിധികൾ മാത്രം പങ്കെടുത്ത് താലൂക്ക് വികസനസമിതി യോഗം

Share to

Perinthalmanna Radio
Date: 04-02-2024

പെരിന്തൽമണ്ണ : മാസത്തിലൊരിക്കൽ മാത്രം ചേരുന്ന താലൂക്ക് വികസനസമിതി യോഗത്തിൽ പങ്കെടുത്തത് മൂന്നിലൊന്ന് പ്രതിനിധികൾ. താലൂക്കിന്റെ വികസനപ്രശ്‌നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യേണ്ട യോഗത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥമേധാവികളുമടക്കമുള്ളവർ ഭൂരിഭാഗം പേരും പങ്കെടുക്കാതിരുന്നത്. ശനിയാഴ്ച താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗമാണ് പ്രഹസനമായത്.

എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും എം.എൽ.എ.മാരും ജില്ലാപഞ്ചായത്തംഗങ്ങളുമാണ് ജനപ്രതിനിധികളായി പങ്കെടുക്കേണ്ടത്.
എന്നാൽ പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫയും ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരനുമാണ് എത്തിയിരുന്നത്. താലൂക്കിലെ വിവിധ വകുപ്പുകളിലുള്ള അറുപതോളം ഉദ്യോഗസ്ഥമേധാവികൾ പങ്കെടുക്കേണ്ടിടത്ത് വന്നത് പതിനഞ്ചോളംപേർ മാത്രം.  ചിലർ പ്രതിനിധികളെയും അയച്ചിരുന്നു. ജനപ്രതിനിധി-ഉദ്യോഗസ്ഥ പങ്കാളിത്തക്കുറവ് മുൻ യോഗങ്ങളിലുമുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും കുറവ് ആദ്യമായാണ്.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത യോഗം മുതൽ രണ്ടുതവണ തുടർച്ചയായി പങ്കെടുക്കാത്ത ഉദ്യോഗസ്ഥമേധാവികളെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അധ്യക്ഷതവഹിച്ച പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മറുപടി പറയാൻ അധികാരമുള്ള ഉദ്യോഗസ്ഥരെമാത്രമേ യോഗത്തിലേക്ക് അയക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വേനൽ കടുക്കുന്നത് കണക്കിലെടുത്ത് മൈനർ ഇറിഗേഷൻ വകുപ്പ് കാര്യക്ഷമമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. മിനി സിവിൽ സ്റ്റേഷനിലെ ചില ഓഫീസുകളിൽ പഞ്ചിങ് ഏർപ്പെടുത്താത്തതു സംബന്ധിച്ച്‌ യോഗത്തിൽ ആക്ഷേപമുയർന്നു.

അങ്കണവാടിക്കുട്ടികൾക്കുള്ള അരിവിതരണം മാസങ്ങളായി നിലച്ചിരിക്കുകയാണെന്നും അരിവിതരണത്തിന് നടപടിയെടുക്കണമെന്നും യോഗം നിർദേശിച്ചു. പുളിങ്കാവിൽ ബ്യൂട്ടിസ്‌പോട്ട് ഒരുക്കാമെന്ന ലെൻസ്‌ഫെഡിന്റെ വാഗ്‌ദാനം നടപ്പാക്കാൻ കളക്ടറുടെ അനുമതി നേടണം. സ്ഥിരമായി യോഗത്തിലെ ചർച്ചാവിഷയങ്ങളായ പുലാമന്തോൾ- മേലാറ്റൂർ റോഡ് നിർമാണം പൂർത്തിയാക്കാത്തതും നെന്മിനിയിലെ പട്ടികജാതി ഹോസ്റ്റൽ നിർമാണവും ഇത്തവണയും ഉന്നയിക്കപ്പെട്ടു. തഹസിൽദാർ രാജഗോപാലൻ, ഡെപ്യൂട്ടി തഹസിൽദാർ മണികണ്ഠൻ, അംഗങ്ങളായ എൻ.പി. ഉണ്ണിക്കൃഷ്ണൻ, മൊയ്തീൻകുട്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *