പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റ് നിർമാണം; 30 കോടി വായ്പയെടുക്കാൻ സർക്കാർ അനുമതി

Share to

Perinthalmanna Radio
Date: 10-02-2024

പെരിന്തൽമണ്ണ : നാല് വർഷത്തോളമായി നിർമാണംനിലച്ച പെരിന്തൽമണ്ണ നഗരസഭാ ഇൻഡോർ മാർക്കറ്റ് നിർമാണത്തിന് വഴിതെളിയുന്നു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ(കെ.യു.ആർ.ഡി.എഫ്.സി.) നിന്ന് 30 കോടി രൂപ വായ്പയെടുക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് അനുമതി നൽകി. വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ നഗരസഭയ്ക്കുള്ള ജനറൽ പർപ്പസ് ഫണ്ടിൽനിന്നും സർക്കാർതലത്തിൽ കുറവുചെയ്ത് ബന്ധപ്പെട്ട ബാങ്കിന് നൽകാവുന്നതാണെന്ന സമ്മതപത്രവും മറ്റു രേഖകളും നഗരസഭ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സർക്കാർ ഉത്തരവിലെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് നിഷ്‌കർഷിച്ചുകൊണ്ടാണ് തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറി ജി. അനിൽകുമാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നഗരസഭയുടെ പഴയ മാർക്കറ്റ് പൊളിച്ചുനീക്കി 2.73 ഏക്കർ സ്ഥലത്ത് ആധുനിക ഇൻഡോർ മാർക്കറ്റ് പദ്ധതി നഗരസഭയുടെ രജതജൂബിലി പദ്ധതികളിലൊന്നായിരുന്നു. മുറികളുടെ മുൻകൂർലേലത്തിലൂടെ നിക്ഷേപം സ്വീകരിച്ച് 40 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനംചെയ്തത്.

2020-ൽ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനംചെയ്തു. എന്നാൽ നഗരസഭ സാമ്പത്തികപ്രതിസന്ധിയിലായതോടെ തുടർനിർമാണം നിലച്ചു. നിക്ഷേപകരിൽ നിന്നായി 20 കോടിയോളം രൂപ സമാഹരിച്ചിരുന്നു. 12 കോടി രൂപയോളം നഗരസഭയ്ക്ക് ലഭിക്കാനുമുണ്ട്. നാലുവർഷത്തോളമായിട്ടും തുടർനിർമാണം നടക്കാതെവന്നപ്പോൾ നിക്ഷേപകർ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. നിലവിലെ ഭരണസമിതി ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും ഭൂരേഖ ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ വായ്പ ലഭിച്ചില്ല. ഇതോടെയാണ് സർക്കാർ സ്ഥാപനമായ കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്ന് വായ്പയെടുക്കാൻ തദ്ദേശവകുപ്പിനെ സമീപിച്ചത്.

മൂന്നു നിലകളിലായി രണ്ട് വലിയ സമുച്ചയങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. ഇതിൽ ഒന്നിന്റെ നിർമാണമാണ് ഒന്നാംഘട്ടത്തിൽ നടത്തിയത്. രണ്ടുലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ നിർമിക്കുന്ന സമുച്ചയത്തിന്റെ സെല്ലാർ ഫ്ളോറിലും ചുറ്റുമായി അഞ്ഞൂറോളം വാഹനങ്ങൾക്ക് പാർക്കിങ്, ഗ്രൗണ്ട് ഫ്ളോറിൽ 226 കടമുറികൾ, ബ്രാൻഡഡ് ഷോപ്പുകൾ, എ.ടി.എം. കൗണ്ടറുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്റർ തുടങ്ങിയവയും വിഭാവനം ചെയ്തിരുന്നു.

കടമുറികൾ ഭൂരിഭാഗവും മുൻപത്തെ വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ്. നിലവിൽ മത്സ്യ, മാംസ, പച്ചക്കറിക്കടകളാണ് പ്രവർത്തിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. വായ്പയെടുക്കാൻ അനുമതി ലഭിച്ചതിനാൽ കരാർ വെക്കുന്നതടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഊരാളുങ്കൽ സൊസൈറ്റിയുമായി ചർച്ച നടത്തി നിർമാണം വേഗത്തിൽ തുടങ്ങാനുമാണ് ശ്രമമെന്ന് നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *