പെരിന്തൽമണ്ണ താലൂക്കിൽ പന്ത്രണ്ടിടങ്ങളിൽ തീപ്പിടിത്തം

Share to

Perinthalmanna Radio
Date: 12-02-2024

പെരിന്തൽമണ്ണ : വേനൽ കടുത്തതോടെ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായി പന്ത്രണ്ടോളം സ്ഥലങ്ങളിൽ തീപ്പിടിത്തം. വെട്ടത്തൂർ ജങ്ഷനു സമീപം അൻപതോളം ഏക്കർ സ്ഥലത്തെ അടിക്കാടുകൾക്ക് തീപിടിച്ച് കൃഷി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ തീ രാത്രിയാണ് നിയന്ത്രണവിധേയമാക്കിയത്. റബ്ബർ, കശുമാവ്, വാഴത്തോട്ടങ്ങളിലാണ് പുൽക്കാടുകൾക്ക് തീപിടിച്ചത്. നിരവധി കശുമാവിൻതൈകളും തേക്കിൻതൈകളും നശിച്ചു. സിറ്റിസൺ ഗ്രൂപ്പ്, അൻവാറുൽഹുദ കോംപ്ലക്സ്, മൻസൂർ മണ്ണാർമല, കണ്ണൻതൊടി അബ്ദു തുടങ്ങിയവരുടെ സ്ഥലങ്ങളിലാണ് തീപിടിച്ചത്.

തൂത എടായ്ക്കൽ കൈനിപ്പറമ്പിൽ ചെമ്മങ്കുഴി അബൂബക്കറിന്റെ വീടിനോടുചേർന്ന് റബ്ബർഷീറ്റുകൾ സംഭരിച്ചിരുന്ന ഷെഡ്ഡിന് രാവിലെ പതിനൊന്നോടെയാണ് തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന 350 റബ്ബർഷീറ്റുകളും വീട് നിർമാണത്തിനുള്ള മര ഉരുപ്പടികളും ചില വീട്ടുപകരണങ്ങളും നശിച്ചു. ഏകദേശം ഒന്നരലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. പന്ത്രണ്ടോടെ ആനമങ്ങാട് മണലായ റോഡിൽ വ്യക്തിയുടെ അരയേക്കറോളം സ്ഥലത്തെ റബ്ബർതോട്ടത്തിലെ അടിക്കാടിനും തീപിടിച്ചു. പെരിന്തൽമണ്ണ അഗ്‌നിരക്ഷാസേനാ യൂണിറ്റ് വെട്ടത്തൂരിലെ തീ അണയ്ക്കുന്ന സമയത്തുതന്നെ പടപ്പറമ്പിലും മേലാറ്റൂരിൽ രണ്ടിടത്തും ചീരട്ടാമലയിലും തീപ്പിടിത്തമുണ്ടായി.

ചാത്തനല്ലൂർ കുന്നുംപുറത്തും എടപ്പറ്റ മൂനാടി മൈലാടിപ്പാറയിൽ വ്യക്തിയുടെ പറമ്പിലെ പുൽക്കാടിനും തീപിടിച്ചു. ഇവിടങ്ങളിൽ മലപ്പുറം, മണ്ണാർക്കാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വൈകീട്ട് മാലാപറമ്പിൽ അൽസലാമ കാമ്പസിനു സമീപത്തും റബ്ബർതോട്ടത്തിനു താഴെയുള്ള വള്ളിപ്പടർപ്പിന് തീപിടിച്ചു. രാത്രി എട്ടോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രിയോടെ മേലാറ്റൂരിലും പെരിന്തൽമണ്ണ ടൗൺഹാളിനു സമീപത്തും മണ്ണാർമലയിലും തീപ്പിടിത്തമുണ്ടായി.

നെട്ടോട്ടമോടുകയായിരുന്നു ഞായറാഴ്ച പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ. രാവിലെ പതിനൊന്നോടെയാണ് തൂത എടായ്ക്കലിൽ റബ്ബർഷീറ്റ് സൂക്ഷിച്ച ഷെഡ്ഡിന് തീപിടിച്ച വിവരമെത്തിയത്. അതുകഴിഞ്ഞ് പോരുന്നതിനിടെ ആനമങ്ങാട് റബ്ബർതോട്ടത്തിലെ തീപ്പിടിത്തം. അതുകഴിഞ്ഞെത്തിയപ്പോഴേക്കും വെട്ടത്തൂരിൽനിന്ന് വിളിയെത്തി. ഇവിടെ തീയണച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മേലാറ്റൂരിലെയും പടപ്പറമ്പിലെയും വിളിയെത്തിയത്. അവിടങ്ങളിലേക്ക് മലപ്പുറം, മണ്ണാർക്കാട് യൂണിറ്റുകളെ വിട്ടു.

വെട്ടത്തൂരിൽ രാത്രിയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇതിനിടയിൽ മേലാറ്റൂരിലെയും പെരിന്തൽമണ്ണ ടൗൺഹാളിനടുത്തെയും മണ്ണാർമലയിലെയും സഹായവിളികളുമെത്തി. ജീവനക്കാരുടെ കുറവിലും മറ്റു പരിമിതികൾക്കുമിടയിൽ സേനാംഗങ്ങൾ കഠിനാധ്വാനംചെയ്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കുന്നത്.

ഞായറാഴ്ചയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ എൽ. സുഗുണന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സാജു, ഫയർ ഓഫീസർമാരായ മുഹമ്മദ് ഷിബിൻ, സഫീർ, കിഷോർ, സുജിത്ത്, നസീർ, ഗോപകുമാർ, മുരളി തുടങ്ങിയവരാണുണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *