
Perinthalmanna Radio
Date: 15-02-2024
മേലാറ്റൂർ : വേനൽ കനക്കുംമുൻപുതന്നെ വറ്റിക്കൊണ്ടിരുന്ന വെള്ളിയാറിനെ ജലസമ്പുഷ്ടമാക്കി താത്കാലിക തടയണകൾ. മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിലുള്ള പുഴയുടെ ഉച്ചാരക്കടവ് പാലം, ചെമ്മാണിയോട് പാലം, റെയിൽവേ പാലം, എടയാറ്റൂർ എന്നിവിടങ്ങളിലാണ് ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് താത്കാലിക തടയണകൾ നിർമിച്ചിട്ടുള്ളത്.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്ലാസ്റ്റിക് ചാക്കുകൾ പൂർണമായും ഒഴിവാക്കി പുഴയിലെത്തന്നെ ചരലും മണലും ഉപയോഗിച്ച് വലിയ ബണ്ട് നിർമിച്ചാണ് വെള്ളം കെട്ടി നിർത്തിയിട്ടുള്ളത്.
പാസ്റ്റിക് ചാക്കുകൾ പൂർണമായും ഒഴിവാക്കിയതിനാൽ തടയണകൾ പുഴയ്ക്കും തെല്ലും ഭീഷണിയല്ല. പുഴയിലെ നീരൊഴുക്ക് നിലയ്ക്കുംമുൻപുതന്നെ തടയണകൾ നിർമിച്ചതിനാൽ ദിവസങ്ങൾക്കുള്ളിൽത്തന്നെ തടയണകളിൽ വെള്ളം നിറഞ്ഞു കവിയാൻ തുടങ്ങി. ഏക്കർ കണക്കിന് കൃഷിയിടങ്ങളിലേക്കും നിരവധി കുടിവെള്ള പദ്ധതികളുടെ കിണറുകളിലേക്കും വെള്ളം ലഭിക്കുന്നത് വെള്ളിയാറിൽ നിന്നാണ്.
പുഴയോരത്തെ നിരവധിയായ കിണറുകളും വെള്ളിയാറിന്റെ ജലനിരപ്പിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വേനൽ രൂക്ഷമാകുമ്പോൾ വെള്ളിയാർ വറ്റുന്നതോടെ ജലക്ഷാമവും രൂക്ഷമാവുക പതിവാണ്. ഇതിന് ആശ്വാസമേകാൻ പുഴയിലെ ജലം കെട്ടിനിർത്തുക എന്നതാണ് ഏകമാർഗം. അതിനാണ് ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് താത്കാലിക തടയണകൾ നിർമിച്ചത്. തടയണകൾ വെള്ളിയാറിനെ ജല സമ്പുഷ്ടമാക്കിയതോടെ ദൂരെ സ്ഥലങ്ങളിലുള്ളവർക്കുപോലും ഇതിന്റെ ഗുണം ലഭിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
