
Perinthalmanna Radio
Date: 14-03-2024
മലപ്പുറം: പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയുടെ നിര്‍മാണ പ്രവൃത്തി വേഗമാക്കാന്‍ തീരുമാനം. ജൂണില്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ടെന്‍ഡര്‍ നടപടികള്‍ ജൂണിലേക്ക് മാറ്റിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ദേശീയപാതയുടെ ചുമതലയുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുമെന്നാണ് കരുതുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനകം പ്രവൃത്തി തുടങ്ങാനാണ് നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ തീരുമാനം. ഏറ്റെടുത്ത കൈവശങ്ങള്‍ക്ക് നഷ്ടപരിഹാര വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.
നഷ്ടപരിഹാരം നല്കാന് 1986.64 കോടി രൂപയാണ് അനുവദിച്ചത്. ഇതുവരെ 82 ശതമാനം തുക വിതരണം ചെയ്തു. നൂറോളം കൈവശങ്ങളുടെ രേഖകള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ബാക്കിയുള്ള രേഖകള്‍ കോടതിയില്‍ തുക കെട്ടിവച്ച് ഏറ്റെടുക്കും. കേസില്‍പെട്ട് കിടക്കുന്ന രേഖകള്‍ നേരിട്ട് ഏറ്റെടുക്കും.
ഇതിനു കോടതിയില്‍ അപേക്ഷ നല്കി. ടോള്‍ പിരിവിന് കേന്ദ്രങ്ങള്‍ നിര്‍മിക്കാനും ചരക്കു വാഹനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒതുക്കി നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കാനും കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികളും വേഗത്തിലാക്കും. ഈ മാസം തന്നെ ത്രീ എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഇതോടെ സര്‍വേ നടപടികള്‍ ആരംഭിക്കും.
നിലവില്‍ 45 മീറ്റര്‍ വീതിയില്‍ 53 കിലോമീറ്ററാണ് മലപ്പുറം ജില്ലയിലൂടെ പാത കടന്നുപോകുന്നത്. പുതിയ ഏഴിടങ്ങളില്‍ 60 മീറ്റര്‍ വീതി കൂട്ടിയാകും ദേശീയപാതയുടെ നിര്‍മാണം. നിലവില്‍ ഏറ്റെടുത്ത ഭൂമിയുടെ ഇരുവശങ്ങളില്‍ നിന്നു ഏഴര മീറ്റര്‍ വീതിയിലാണ് ഏഴു വില്ലേജുകളിലും ഭൂമി അധികമായി ഏറ്റെടുക്കുക.
ജില്ലയില്‍ ഇതുവരെ 15 വില്ലേജുകളില്‍ നിന്നു 238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. പുതിയ പദ്ധതി പ്രകാരം ഒമ്ബത് ഹെക്ടര്‍ ഭൂമി കൂടി നാഷണല്‍ ഹൈവേ അഥോറിറ്റി ഏറ്റെടുക്കും. വാഴയൂരും കരുവാരക്കുണ്ടുമാകും ടോള്‍ പിരിവിന് കേന്ദ്രങ്ങള്‍ നിര്‍മിക്കുക. ചെമ്ബ്രശേരി, കാരക്കുന്ന്, അരീക്കോട്, ചീക്കോട്, വാഴക്കാട് എന്നിവിടങ്ങളില്‍ ചരക്കു ലോറികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
