Share to

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്‌മെന്റ്; അപേക്ഷ സമർപ്പണം ഇന്ന് പൂർത്തിയാകും

Perinthalmanna Radio
Date: 04-07-2024

മലപ്പുറം : ഹയർ സെക്കൻഡറി പ്ലസ്‌വൺ, വി.എച്ച്.എസ്.ഇ. ഒന്നാംവർഷ ഒന്നാംഘട്ട സപ്ലിമെന്ററി അലോട്‌മെന്റിനുള്ള അപേക്ഷ നൽകൽ വ്യാഴാഴ്ച പൂർത്തിയാകും. വൈകീട്ട്‌ നാലുവരെയാണ് സമയം.

ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 6937 സീറ്റുകളാണ്‌ സപ്ലിമെന്ററി അലോട്‌മെന്റിനായി ഒഴിഞ്ഞുകിടക്കുന്നത്. ഏകജാലക വെബ്‌സൈറ്റിൽ ഇവയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച്‌ സീറ്റൊഴിവുള്ള കോഴ്സുകളും സ്‌കൂളും നോക്കിയാണു അപേക്ഷ നൽകേണ്ടത്.

ഏതെങ്കിലും ക്വാട്ടയിൽ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ടി.സി. വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ പറ്റില്ല. വെബ്‌സൈറ്റ് പരിശോധിച്ച് ഒഴിവുള്ള സ്‌കൂളുകളും കോഴ്‌സുകളും നോക്കിയാണ് ഓപ്ഷനുകൾ നൽകേണ്ടത്.

സർക്കാർ കണക്കു പ്രകാരം ജില്ലയിൽ മുഖ്യ അലോട്‌മെന്റിനു 82,466 പേരാണ് അപേക്ഷിച്ചത്. ഇതിൽ 4352 പേർ മറ്റു ജില്ലകളിൽ പ്രവേശനം നേടി. ബാക്കിയുള്ള 78,114 പേരിൽ 53,762 കുട്ടികൾക്കാണു പ്രവേശനം കിട്ടിയത്. അലോട്‌മെന്റ് ലഭിച്ച 7054 പേർ പ്രവേശനം നേടിയില്ല.

ആദ്യ അലോട്‌മെന്റിൽ ഇഷ്ട സ്‌കൂളും കോഴ്സും ലഭിക്കാത്തതിനാൽ അലോട്‌മെന്റ് എടുക്കാത്തവർക്ക് സപ്ലിമെന്ററി അലോട്‌മെന്റിൽ അപേക്ഷിക്കാൻ അവസരമൊരുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്‌മെന്റിനു മുന്നോടിയായി പുറത്തുവിട്ട കണക്കുപ്രകാരം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഒഴിവുള്ളത് 3678 സീറ്റുകളാണ്.

മുസ്‍ലിം വിഭാഗത്തിൽ 328, ഈഴവ- തിയ്യ-ബില്ലവ-375, വിശ്വകർമ-94, എസ്.സി.-832, എസ്.ടി.-555, ആംഗ്ലോ ഇന്ത്യൻ-140, കുശവൻ-47, കുടുംബി-47, ഹിന്ദു ഒ.ബി.സി.-140, സാമ്പത്തിക പിന്നാക്കം-468, ഭിന്നശേഷി-92, ധീരവ-94, ക്രിസ്റ്റ്യൻ ഒ.ബി.സി.-47 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെ 6937 ഒഴിവുകളാണുള്ളത്.

നിലവിൽ 32,432 പേരാണ് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ഇവരെ പരിഗണിച്ചാൽ 25,495 പേർ പ്രവേശനം ലഭിക്കാതെ പുറത്താണ്. സർക്കാർ വാദപ്രകാരം സ്‌പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലെല്ലാംകൂടി 9215 ഒഴിവുണ്ടെന്നാണ് പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *