
Perinthalmanna Radio
Date: 07-09-2024
പെരിന്തൽമണ്ണ : ഓണക്കളം കളറാക്കാൻ വെറൈറ്റികളുമായി പൂവിപണി. പൂക്കളത്തിലെ പ്രധാനിയായ ചെണ്ടു മല്ലിക്കു പുറമേ ഇത്തവണ താരമായി ഹൈബ്രിഡ് ആഷ്ട്ര പൂക്കളും. ചോക്കലേറ്റ് ആഷ്ട്രയാണു മുഖ്യ ആകർഷണം. ഇവയ്ക്കു പുറമേ മെറൂൺ, വയലറ്റ് നിറങ്ങളിലുള്ള പൂക്കളുമുണ്ട്. ഭംഗിക്കൊത്തു വിലയും കൂടുതലുണ്ട് ഇത്തവണ. വിനായക ചതുർഥിക്കു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ആവശ്യം കഴിയുന്നതോടെ കൂടുതൽ പൂക്കൾ കേരളത്തിലേക്കു വരുമെന്നും വില കുറയുമെന്നുമാണു കച്ചവടക്കാരുടെ പ്രതീക്ഷ.
സാധാരണ, ജില്ലയിലേക്കു പൂക്കളെത്താറുള്ള ഗുണ്ടൽപേട്ടിൽ നിന്ന് ഇത്തവണ കാര്യമായ വരവില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണു മലപ്പുറം ജില്ലയിലേക്ക് പൂക്കൾ എത്തിയതെന്നു മൊത്തക്കച്ചവടക്കാർ പറയുന്നു. ചെണ്ടുമല്ലി, ചുവന്ന റോസ്, വെള്ള ജമന്തി, ആഷ്ട്ര പൂക്കളാണു ബെംഗളൂരുവിൽനിന്ന് എത്തിയത്. എന്നാൽ അരളി, പനിനീർ, വാടാമല്ലി തുടങ്ങിയവ തമിഴ്നാട്ടിലെ സേലത്തുനിന്നാണ് എത്തിയത്.
ഗുണ്ടൽപേട്ടിലെ കൃഷിക്കാർ പൂവിറുക്കാൻ മടിക്കുകയായിരുന്നെന്നു കച്ചവടക്കാർ പറയുന്നു. ബെംഗളൂരു പൂക്കൾക്കു ഗുണമേന്മ കൂടുതലാണ്. എത്തിക്കാനും കൂടുതൽ സൗകര്യമുണ്ടെന്നും കച്ചവടക്കാർ പറയുന്നു. വിനായക ചതുർഥിക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് ഓർഡറുള്ളതുകൊണ്ടാകാം കേരളത്തിലേക്ക് വിടാത്തതെന്നാണു കരുതുന്നത്. അതിനാൽ നാളെ മുതൽ വില കുറയുകയും ഓണമടുത്ത ദിവസങ്ങളിൽ കൂടുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അരളിപ്പൂവിനെതിരായ പ്രചാരണങ്ങൾ ഇത്തവണ പൂവിപണിയെ ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക ആഘോഷം ഇല്ലാത്തതിനാൽ പൂക്കള മത്സരങ്ങളും മറ്റും കുറയുമോയെന്ന ആശങ്ക കച്ചവടക്കാർക്കുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
