എക്സിക്യുട്ടീവ് ട്രെയിൻ വൈകി; നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഷൊർണൂരിൽ കുടുങ്ങി

Share to

Perinthalmanna Radio
Date: 14-12-2024

അങ്ങാടിപ്പുറം : ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ഷൊർണൂരിൽ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്കു പോകേണ്ട നിരവധി യാത്രക്കാർ മണിക്കൂറുകളോളം ഷൊർണൂരിൽ കുടുങ്ങി. രാത്രി 7.50-ന് എത്തേണ്ട എക്‌സിക്യുട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40-ന് ആണ് തിങ്കളാഴ്ച ഷൊർണൂർ സ്റ്റേഷനിൽ എത്തിയത്. 8.10- നാണ് നിലമ്പൂരിലേക്കുള്ള പാസഞ്ചർ ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്. രാത്രി 8.10-ന് ശേഷം പുലർച്ചെ 3.50 നുള്ള രാജ്യറാണി എക്‌സ്‌പ്രസ് അല്ലാതെ നിലമ്പൂർ ഭാഗത്തേക്ക് വേറെ സർവീസ് ഇല്ല. ഇതേത്തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ചൊവ്വാഴ്ച പുലർച്ച 3.50-നുള്ള രാജ്യറാണി എക്സ്പ്രസിലാണ് യാത്ര തുടർന്നത്. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു.

നിരന്തരം 16307 ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസ് വൈകി ഓടുന്നതിൽ നിലമ്പൂർ -മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ പ്രതിഷേധിച്ചു. 16307 ആലപ്പുഴ -കണ്ണൂർ എക്‌സ്‌പ്രസിന്റെയും 06475 നിലമ്പൂർ പാസഞ്ചറിന്റെയും സമയക്രമം മാറ്റി ഇതിന് പരിഹാരം കാണണമെന്നും ശാശ്വത പരിഹാരമായി 06018 എറണാകുളം – ഷൊറണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്നും ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ആക്‌ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് അനസ് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേറ്റിങ് മാനേജർ എം. വാസുദേവനുമായി ഈ വിഷയങ്ങളിൽ ചർച്ച നടത്തി. കണക്‌ഷൻ നിലനിർത്താൻ വേണ്ടതു ചെയ്യാമെന്നും വൈദ്യുതീകരണം കഴിഞ്ഞാൽ 06018 എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടാൻ നടപടികൾ സ്വീകരിക്കുമെന്നും സീനിയർ ഡിവിഷണൽ ഓപ്പറേറ്റിങ് മാനേജർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *