
Perinthalmanna Radio
Date: 16-04-2026
പെരിന്തൽമണ്ണ: സംസ്ഥാനത്ത് 11 റേഷൻ ഡിപ്പോ ഗോഡൗണുകളിൽ അരിയുടെ സ്റ്റോക്കിൽ വൻ ക്രമക്കേട് സപ്ലൈകോ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയതോടെ രണ്ടായിരത്തിൽപരം റേഷൻ കടകളിലേക്കുള്ള റേഷൻ വിതരണം സ്തംഭിച്ചു.
2 മാസത്തെ റേഷൻ ഒന്നിച്ചു നൽകാൻ നിർദേശം നിലനിൽക്കുന്നതിനിടെയാണ് വിതരണം നിലച്ചത്.
ഈ മാസം 1, 2,4 തീയതികളിലെ വാർഷിക പരിശോധനയിലാണ് സപ്ലൈകോയ്ക്കു കീഴിലുള്ള എൻഎഫ്എസ്എ ഡിപ്പോ ഗോഡൗണുകളിൽ സ്റ്റോക്ക് കുറഞ്ഞതായി കണ്ടെത്തിയത്. തുടർന്ന്, സ്റ്റോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രം വിതരണം നടത്തിയാൽ മതിയെന്നു സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ നിന്നു ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകി.
തിരുവനന്തപുരം ജില്ലയിലെ വർക്കല, എറണാകുളം ജില്ലയിലെ ആലുവ, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, കുന്തിപ്പുഴ, മുക്കണ്ണം, കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, വടകര, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി, തൃശൂർ ജില്ലയിലെ ചാലക്കുടി, കുളങ്ങാട്ടുകര എന്നീ ഡിപ്പോകളിലാണു സ്റ്റോക്കിൽ ക്രമക്കേടുള്ളത്.
ഓരോ ഡിപ്പോയിലും 1000 മുതൽ 1200 വരെ കിലോഗ്രാം അരിയുടെ കുറവുണ്ട്.
ഡിപ്പോ ചുമതലയുള്ള കസ്റ്റോഡിയൻ, ജീവനക്കാർ, തൊഴിലാളികൾ, കരാറുകാർ എന്നിവർ ചേർന്ന് ഒത്തുകളിച്ച് സ്റ്റോക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതായും നേരത്തേയും ആക്ഷേപങ്ങളും റിപ്പോർട്ടുകളുമുണ്ട്.
അക്കൗണ്ട്സ് സോഫ്റ്റ്‍വെയർ പരിശോധന മാത്രമാണ് ഇപ്പോൾ നടന്നത്. യഥാർഥ സ്റ്റോക്ക് പരിശോധിച്ചാലേ കൂടുതൽ വ്യക്തത വരൂ. വിജിലൻസ് പോലുള്ള ഏജൻസികളുടെയും അന്വേഷണം ആവശ്യമായി വന്നേക്കും.
പഴയ സ്റ്റോക്കിൽ ക്രമക്കേടു നടന്നതിനാൽ, ഈ മാസം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളിൽ നിന്ന് ഡിപ്പോകളിൽ എത്തിച്ച റേഷൻ അരി മാത്രമേ വിതരണം ചെയ്യാനാകൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
