ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽ ഉൽപാദനം നിർത്തിവച്ചു

Share to


Perinthalmanna Radio
Date: 22-04-2026

നിലമ്പൂർ:  ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽ ഉൽപാദനം നിർത്തിവച്ചു. കഠിനമായ വരൾച്ചയിൽ കാഞ്ഞിരപ്പുഴ വറ്റി ജലലഭ്യത നിലച്ചതാണ് വൈദ്യുതി ഉൽപാദനം നിർത്താൻ കാരണം. എങ്കിലും നിലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ ഉൽപാദനം ഇക്കൊല്ലം നടത്താനായി. ജില്ലയിലെ ഏക വൈദ്യുതി ഉൽപാദന കേന്ദ്രമാണ് ചാലിയാർ പഞ്ചായത്തിലെ ആഢ്യൻപാറ നിലയം. 2015 സെപ്റ്റംബർ 3ന് ആണ് കമ്മിഷൻ ചെയ്തത്.

മഴക്കാലത്ത് കാഞ്ഞിരപ്പുഴയിലൂടെ ഒഴുകിയെത്തുന്ന അധിക ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദനം. 1.5 മെഗാവാട്ടിന്റെ രണ്ടും, 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് ഉപയോഗത്തിലുള്ളത്. സാധാരണഗതിയിൽ കാലവർഷം തുടങ്ങുന്നത് മുതൽ ജനുവരി അവസാനം വരെ 3 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു വരുന്നതനുസരിച്ച് ഉൽപാദനം അര മെഗാവാട്ടിന്റെ ജനറേറ്ററിൽ മാത്രമായി ചുരുങ്ങും. ക്രമേണ നിർത്തിവയ്ക്കുകയാണ് പതിവ്. നിലയത്തിന് 2018ലെ പ്രളയത്തിൽ നാശനഷ്‌ടം നേരിട്ടു. 2019ലെ പ്രളയം കൂടുതൽ തകർത്തു.

പുനർനിർമാണം നടത്തി 2020ൽ പ്രവർത്തനം പുനരാരംഭിച്ചു. 7 ദശലക്ഷം യൂണിറ്റ് ഉൽപാദനം നടത്തി. 2021ലെ ഉൽപാദന നേട്ടം 12 ദശലക്ഷം യൂണിറ്റ് സർവകാല റെക്കോർഡായി. അതിനോടടുത്ത ഉൽപാദനമാണ് ഇക്കൊല്ലത്തേത്. 11.20 ദശലക്ഷം യൂണിറ്റ്. യൂണിറ്റിന് 4 രൂപ നിരക്കിൽ വൈദ്യുതി ബോർഡിന് വരുമാനം 4.48 കോടി രൂപയാണ്. വയനാടൻ മലനിരകളിൽ നിന്നാണ് കാഞ്ഞിരപ്പുഴ ഉദ്ഭവിക്കുന്നത്. വയനാട്ടിൽ വേനൽമഴ കിട്ടിയതിനാൽ മാർച്ച് വരെ ഉൽപാദനം നടത്താൻ കഴിഞ്ഞു. എഇമാരായ എ.ആർ.ഗണദീപൻ, എൻ.ശ്രീകുമാർ, സബ് എൻജിനീയർമാരായ കെ.പ്രജീഷ്, മെൽബിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ കഠിനാധ്വാനം ഉൽപാദന നേട്ടത്തിന് കാരണമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *