പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ മലപ്പുറം ഗവ. കോളേജിൽ

Share to


Perinthalmanna Radio
Date: 02-05-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഉൾപ്പെടെ ജില്ലയിലെ 16 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.  പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ മലപ്പുറം ഗവ. കോളേജിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ നടക്കും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുന്നത്. 441 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 574 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 441 മൈക്രോ ഒബ്‌സര്‍വര്‍മാരുള്‍പ്പെടെ 1456 കൗണ്ടിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ ഇ.വി.എമ്മുകളാണ് എണ്ണുന്നത്.  ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിങ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 500 ന് ഒന്നെന്ന ക്രമത്തില്‍ പ്രത്യേകം കൗണ്ടിങ് ടേബിളുകളും ഓരോന്നിനും ഓരോ എ.ആര്‍.ഒ. എന്ന നിലയിലും ക്രമീകരിക്കും.

സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അംഗീകൃത പ്രതിനിധികള്‍, കേന്ദ്ര നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ രാവിലെ ആറിന് തുറക്കും. വീഡിയോ റേക്കാര്‍ഡിംഗ് നടത്തിയാണ് തുറക്കുക. വോട്ടെണ്ണുമ്പോള്‍ കണ്‍ ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17സി കൂടി മേശപ്പുറത്ത് വെക്കും. ഒരു ബൂത്തില്‍ ഇ.വി.എമ്മില്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖെപ്പടുത്തുന്നതാണ് 17സി പാര്‍ട്ട് ഒന്ന്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെയും (ഇ.വി.എം) ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുെണ്ടന്ന് കണ്ടാല്‍ വിവിപാറ്റ്  സ്ലിപ്പുകള്‍ (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) എണ്ണും. വിവിപാറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉള്‍പ്പെടും. ഇ.വി.എമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം 17സി പാര്‍ട്ട് ഒന്ന് (അക്കൗണ്ട്‌സ് ഓഫ് വോട്ട്‌സ് റെക്കോര്‍ഡഡ്)ലെ വിവരങ്ങളുമായി ഒത്തുേനാക്കും. കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ റൗണ്ടിലെയും രണ്ട് ഇ.വി.എം. ഒബ്‌സര്‍വര്‍ റാന്‍ഡം ആയി എണ്ണും. ഓരോ മണ്ഡലങ്ങളിലെയും അഞ്ചു ബൂത്തുകളിലെ വീതം  വിവിപാറ്റും എണ്ണും.

ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം എന്നീ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മലപ്പുറം ഗവ.കോളെജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുടേത് നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും നടക്കും. വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളുടേത് യഥാക്രമം തിരൂരങ്ങാടി കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളുടേത് തിരൂര്‍ എസ്.എസ്.എം.പോളിടെക്നിക്കില്‍ നടക്കും. തവനൂര്‍, പൊന്നാനി മണ്ഡലങ്ങളുടേത് പൊന്നാനി അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *