
Perinthalmanna Radio
Date: 07-05-2026
പെരിന്തൽമണ്ണ: സ്കൂൾ അധികൃതരുടെ മാനസിക പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന 15 വയസ്സുകാരൻ തേജസിനെ ഒരാഴ്ച മുൻപാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂളിലെ ക്ലാസ് ടീച്ചറും പ്രിൻസിപ്പലും ചേർന്ന് കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യാത്ത കുറ്റങ്ങൾ ആരോപിച്ചു മാനസികമായി തളർത്തുകയും ചെയ്തിരുന്നതായി തേജസിന്റെ പിതാവ് ഹരീഷും മാതാവ് ജിഷയും ആരോപിക്കുന്നു. സ്കൂളിലെ പീഡനം സഹിക്കവയ്യാതെ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സ്കൂൾ അധികൃതർ നടത്തുന്ന എം.എസ്.സി (മോറൽ സയൻസ്) പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുകയുള്ളൂ എന്ന് അധികൃതർ വാശിപിടിച്ചതായി രക്ഷിതാക്കൾ പറയുന്നു.
മറ്റു സ്കൂളുകളിലേക്ക് മാറുന്നതിന് ഈ പരീക്ഷ നിർബന്ധമല്ലെന്ന് അറിഞ്ഞിട്ടും, പ്രിൻസിപ്പലും ടീച്ചറും ചേർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടാൽ ടി.സിയിൽ റെഡ് മാർക്ക് രേഖപ്പെടുത്തുമെന്നും മറ്റൊരു സ്കൂളിലും പഠിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കുട്ടിയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ ഈ പരീക്ഷയ്ക്കായി കുട്ടി കഠിനമായി പഠിച്ചിരുന്നതായും രക്ഷിതാക്കൾ കണ്ണീരോടെ ഓർക്കുന്നു.
സ്കൂളിൽ നടന്ന സിൽവർ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും കുട്ടിയെ വിലക്കിയതായും ആരോപണമുണ്ട്. കൂടാതെ, മരണവിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ അത് മറ്റു വിദ്യാർത്ഥികളെയോ അധ്യാപകരെയോ അറിയിക്കാൻ തയ്യാറായില്ലെന്നും, സ്കൂളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പറയാൻ മറ്റു രക്ഷിതാക്കളെയും കുട്ടികളെയും ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ അതീവ ദുരൂഹതയുണ്ടെന്നും സ്കൂൾ അധികൃതർക്കെതിരെയും ക്ലാസ് ടീച്ചർക്കെതിരെയും കർശനമായ പോലീസ് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
