തൂതയിൽ ഇന്ന് വിസ്മയപ്പൂരം; ഉച്ചക്ക് 12 മണി മുതൽ ഗതാഗത നിയന്ത്രണം

Share to


Perinthalmanna Radio
Date: 12-05-2026

തൂത: കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും നിറവിസ്മയം ഒരുക്കിയുള്ള തൂത ഭഗവതിക്ഷേത്രത്തിലെ പൂരം ഇന്ന് ആഘോഷിക്കും. തലയെടുപ്പുള്ള 31 ഗജവീരന്മാർ, പഞ്ചവാദ്യം, പെരുവനം കുട്ടൻമാരാർ നയിക്കുന്ന നാഗത്തറ മേളം, തിറ–പൂതൻ കളി തുടങ്ങിയ കാഴ്ചവട്ടങ്ങളാൽ തൂത നിറഞ്ഞുകവിയും. കുടമാറ്റവും കൂടിക്കാഴ്ചയും കാണാനും നാഗത്തറമേളം ആസ്വദിക്കാനുമായി ലക്ഷങ്ങൾ ഇന്നു തൂത ഭഗവതി സന്നിധിയിൽ എത്തും.

ചെർപ്പുളശ്ശേരി, നെല്ലായ, ആലിപ്പറമ്പ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു വൈകിട്ട് അഞ്ചോടെ നാടൻകലാരൂപങ്ങളുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയിൽ ചെറുപൂരങ്ങൾ കാവിലേക്കു നീങ്ങുന്നതോടെ ആവേശം ആകാശത്തോളം ഉയരും. വിവിധ ദേശങ്ങളിലെ എഴുന്നള്ളിപ്പുകൾ 5.30ന് പൂരപ്പറമ്പിലെത്തി അണിനിരക്കും. വടക്കോട്ടഭിമുഖമായി നിലയുറപ്പിക്കുന്ന ദേവസ്വം എഴുന്നള്ളിപ്പിൽ പാറന്നൂർ നന്ദൻ ഭഗവതിയുടെ തിടമ്പേന്തും.

കരുമാനാംകുർശ്ശി, ആലുംപാറ, അമ്പലവട്ടം, കാളികടവ്, നരിപ്പറ്റപ്പടി, പുളിഞ്ചോട്, കിഴക്കുമുറി, നടുവട്ടം, 29–ാം മൈൽ, എടായ്ക്കൽ, ആലിപ്പറമ്പ്, പുന്നക്കുന്ന്, അമ്പലക്കുന്ന്, വാഴേങ്കട എന്നീ 14 ദേശങ്ങൾ ഉൾപ്പെട്ട ‘എ’ വിഭാഗം പടിഞ്ഞാറോട്ട് അഭിമുഖമായി കിഴക്കുഭാഗത്തും വടക്കുംമുറി, തൂത, തെക്കുംമുറി, പടിഞ്ഞാറെ നടുവട്ടം, മൂച്ചിത്തോട്ടം, ആലിൻചുവട്, ഇലഞ്ഞിക്കൽ, വേട്ടേക്കരൻകാവ്, പടിഞ്ഞാറ്റുമുറി, കിഴക്കേ തെക്കുമുറി, ഹെൽത്ത് സെന്റർ, കുണ്ടുംപുറം, ചങ്ങമ്പുഴ, മാരായമംഗലം എന്നീ 14 ദേശങ്ങൾ ഉൾപ്പെട്ട ‘ബി’ വിഭാഗം കിഴക്കോട്ടഭിമുഖമായി പടിഞ്ഞാറു ഭാഗത്തും നിലയുറപ്പിക്കും. ഇരു വിഭാഗങ്ങളിൽ നിന്നുമായി 15 വീതം ഗജവീരന്മാർ അണിനിരക്കും. ‘എ’ വിഭാഗത്തിന് എറണാകുളം ശിവകുമാറും, ‘ബി’ വിഭാഗത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തിടമ്പേറ്റും. പഞ്ചവാദ്യം ക്ഷേത്രനടയിൽ കൊട്ടിക്കലാശിക്കുന്നതോടെ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 150ലേറെ കലാകാരന്മാർ അണിനിരക്കുന്ന നാഗത്തറമേളം തുടങ്ങും.

ഇതോടെ ഇത്തവണ തൃശൂർ പൂരത്തിന് ഉയർത്തിയതും ഉയർത്താത്തതുമായ വർണക്കുടകൾ ഉപയോഗിച്ചുള്ള കുടമാറ്റത്തിനും തുടക്കമാകും.

‘എ’ വിഭാഗം പാറമേക്കാവ് ദേവസ്വത്തിന്റെയും ‘ബി’ വിഭാഗം തിരുവമ്പാടി ദേവസ്വത്തിന്റെയും കുടകളാണ് ഉയർത്തുക.

രാവിലെ 6ന് വിശേഷാൽപൂജകളോടെയാണു പൂരച്ചടങ്ങുകൾക്കു തുടക്കം. തന്ത്രി നാരായണമംഗലത്ത് ആമയൂർ മനയ്ക്കൽ രാമൻ ഭട്ടതിരിപ്പാട് മുഖ്യകാർമികനാകും. 8ന് തെക്കേ നടപ്പന്തലിൽ തിറ, പൂതൻ കളി നടക്കും. ദാരികവധംപാട്ട്, ചവിട്ടുകളി, പ്രസാദഊട്ട്, കേളി, തായമ്പക എന്നിവയും നടക്കും.

നാളെ പുലർച്ചെ 4ന് ആരംഭിക്കുന്ന തോൽപാവക്കൂത്ത് രാവണവധത്തിനു ശേഷം ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും. രാവിലെ 9.30ന് പൂരപ്പറമ്പിൽ ചവിട്ടുകളി തുടങ്ങും. 10ന് പാക്കനാർ വേലവരവ്, 11ന് ശ്രീഭൂതബലി എന്നിവ. 12ന് തൂതപ്പുഴയിൽ ആറാട്ടിനു ശേഷമാണ് കൊടിയിറക്കം. ഉച്ചയ്ക്ക് കഞ്ഞിസദ്യയുമുണ്ട്.

*ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ ഇന്നു ഗതാഗത നിയന്ത്രണം*

തൂതപ്പൂരം പ്രമാണിച്ച് ഇന്നു പകൽ 12 മുതൽ രാത്രി 10 വരെ ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.

പാലക്കാട്ടു നിന്നു വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നു മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം. മുണ്ടൂരിനു ശേഷം (കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്ന്) വരുന്ന വാഹനങ്ങൾ തിരുവാഴിയോട് ജംക്‌ഷനിൽ നിന്ന് ആര്യമ്പാവു വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം.

തിരുവാഴിയോടിനു ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജംക്‌ഷനിൽ നിന്നു വെള്ളിനേഴി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം.

ഒറ്റപ്പാലം ഭാഗത്തു നിന്നു പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെർപ്പുളശ്ശേരി-നെല്ലായ സിറ്റി, മാവുണ്ടിരിക്കടവ്-മുതുകുറുശ്ശി–ഏലംകുളം വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം

പെരിന്തൽമണ്ണ ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെറുകര വഴി ഏലംകുളം–മുതുകുറുശ്ശി, മാവുണ്ടിരിക്കടവ്–നെല്ലായ സിറ്റി ചെർപ്പുളശ്ശേരി വഴി പാലക്കാട് ഭാഗത്തേക്കു പോകണം. ആനമങ്ങാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടീരിക്കടവ്–നെല്ലായ സിറ്റി വഴി പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *