
Perinthalmanna Radio
Date: 12-05-2026
ന്യൂഡൽഹി ∙ പെട്രോൾ, ഡീസൽ വില രണ്ടു ദിവസത്തിനുള്ളിൽ വർധിപ്പിച്ചേക്കുമെന്നു സൂചന. എണ്ണക്കമ്പനികൾ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടത്തിലാണു പ്രവർത്തിക്കുന്നതെന്നും ഈ സാഹചര്യത്തിൽ മുന്നോട്ടു പോകുക പ്രയാസമാണെന്നും കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. കമ്പനികളിൽ നിന്നുള്ള കടുത്ത സമ്മർദത്തിന്റെ പശ്ചാത്തലത്തിലാണു വില വർധനയ്ക്കു കേന്ദ്രസർക്കാർ അനുമതി നൽകിയതെന്നാണു വിവരം. 5–10 രൂപ വിലവർധനയുണ്ടായേക്കും. പെട്രോൾ, ഡീസൽ ഉപയോഗം ജനങ്ങൾ പരമാവധി കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നു സൂചനയുണ്ട്.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ഉപയോഗം നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാശ്രയത്വത്തിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വിലയിരുത്തുന്ന മന്ത്രിതല സമിതിയുടെ യോഗത്തിനു ശേഷമാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വിശദീകരിച്ചത്. 60 ദിവസത്തേക്കുള്ള ക്രൂഡ്‌ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി സ്റ്റോക്കും രാജ്യത്തുണ്ടെന്നും ഇന്ധനം തടസ്സമില്ലാതെ ലഭ്യമാക്കുകയെന്നതിലാണു കേന്ദ്രം പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ദുഷ്കരമായ കാലഘട്ടത്തിൽ പ്രധാനമന്ത്രി വിശാലമായ സന്ദേശം നൽകുകയായിരുന്നു. വിതരണ ശ്യംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളെല്ലാം മന്ത്രിതല സമിതി വിലയിരുത്തി. ഇറാൻ യുദ്ധം ആരംഭിച്ച് 70 ദിവസത്തിനു ശേഷവും രാജ്യത്ത് ഇന്ധന വില വർധനയുണ്ടായിട്ടില്ലെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. പല രാജ്യങ്ങളും 30–70% വരെ വിലവർധിപ്പിച്ചുവെങ്കിലും രാജ്യം പിടിച്ചു നിന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിതരണ കേന്ദ്രങ്ങളിലെത്തി തിരക്കു കൂട്ടേണ്ടതില്ലെന്നുമാണു വിശദീകരണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
