പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എംഎൽഎ

Share to


Perinthalmanna Radio
Date: 17-05-2026

പെരിന്തൽമണ്ണ: നിയമസഭാ സാമാജികനായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ നജീബ് കാന്തപുരം മണ്ഡലത്തിൽ പ്രഥമ പരിഗണന നൽകി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകി. പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് മുൻഗണന നൽകും. നിർദിഷ്ട മാനത്തുമംഗലം – ഓരാടംപാലം ബൈപാസ് യാഥാർഥ്യമാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. ടൗൺ കേന്ദ്രമായി മറ്റ് ബൈപാസ് റോഡുകൾ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠനങ്ങൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

അൽഷിഫ ബൈപാസ്, പട്ടാമ്പി റോഡ് ബൈപാസ് എന്നിവ വീതി കൂട്ടി ആധുനിക രീതിയിൽ നവീകരിക്കും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും. ആശുപത്രിയുടെ അടിസ്ഥാന വികസനവും ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനവും ഉറപ്പാക്കും. ജില്ലാ ആശുപത്രിയിൽ പ്രത്യേക കാൻസർ ബ്ലോക്ക് ആരംഭിക്കും. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് വിപുലീകരിക്കുകയും ചെയ്യും. മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന വികസനവും കിടത്തി ച്ചികിത്സയും മറ്റു സേവനങ്ങളും പുനഃരാരംഭിക്കുന്നതിനും നടപടി സ്വീകരിക്കും.

മണ്ഡലത്തിലെ മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്താനും പദ്ധതിയുണ്ട്. മണ്ഡലത്തിൽ ഐ.ടി പാർക്കും വർക്ക് നിയർ ഹോം പദ്ധതിയും നടപ്പാക്കും. പതിനായിരം വനിതകൾക്ക് ജോലി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതി കൊണ്ടുവരും. വനിതാ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരംഭിക്കുന്നതിനും ആവശ്യമായ സ്ഥിരം മെൻ്ററിങ് ആൻഡ് കൺസൾട്ടൻസി സംവിധാനം ആരംഭിക്കും.

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഉറപ്പാക്കുകയും പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കുകയും ചെയ്യും. മണ്ഡലത്തിലെ പൊതു കളി സ്ഥലങ്ങൾ മനോഹരമാക്കും. പെരിന്തൽമണ്ണ ടൗൺ ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന ടൗണുകൾ സൗന്ദര്യ വൽക്കരിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *