
Perinthalmanna Radio
Date: 17-05-2026
പെരിന്തൽമണ്ണ: നവീകരണ പ്രവൃത്തികൾ പൂർണ്ണമായി പൂർത്തിയാകുന്നതിന് മുൻപ് തന്നെ പെരിന്തൽമണ്ണ ജൂബിലി റോഡ് യാത്രക്കാർക്കായി തുറന്നു നൽകി. റോഡ് അടച്ചിട്ടതിനെ തുടർന്ന് നഗരത്തിൽ അനുഭവപ്പെട്ടിരുന്ന കടുത്ത ഗതാഗതക്കുരുക്കും ജനങ്ങളുടെ യാത്രാക്ലേശവും കണക്കിലെടുത്താണ് നഗരസഭയുടെ ഈ അടിയന്തര നടപടി.
കോഴിക്കോട് ഭാഗത്തുനിന്നും പട്ടാമ്പി റോഡിലേക്ക് പോകുന്ന വാഹനയാത്രികർക്ക് പെരിന്തൽമണ്ണ നഗരത്തിലെ രണ്ട് പ്രധാന ട്രാഫിക് സിഗ്നലുകളിൽ കുടുങ്ങാതെ വളരെ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പ്രധാന ബൈപ്പാസ് പാതയാണ് ജൂബിലി റോഡ്. ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായാണ് നഗരസഭ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ പ്രവൃത്തികൾക്കായി ജൂബിലി റോഡ് അടച്ചിട്ടതോടെ പെരിന്തൽമണ്ണ ടൗണിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വളരെ വേഗത്തിൽ പട്ടാമ്പി റോഡിൽ എത്തേണ്ടവർക്ക് ടൗൺ വഴി ചുറ്റിത്തിരിഞ്ഞു പോകേണ്ട അവസ്ഥയായിരുന്നു.
പൊതുജനങ്ങളുടെയും വ്യാപാരികളുടെയും കടുത്ത ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ്, അവസാന ഘട്ട ടാറിങ് പ്രവൃത്തികൾ പിന്നീട് പൂർത്തിയാക്കാമെന്ന നിബന്ധനയോടെ റോഡ് തുറന്നു നൽകിയത്. അവശേഷിക്കുന്ന ടാറിങ് പ്രവൃത്തികൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
