അപകടക്കെണിയൊരുക്കി ദേശീയ പാതയോരത്ത് കുഴികൾ

Share to


Perinthalmanna Radio
Date: 21-05-2026

മങ്കട : ദേശീയ പാതയോരങ്ങളിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ ശാസ്ത്രീയമായി പുനഃസ്ഥാപിക്കാത്തത് അപകടഭീഷണിയാകുന്നു. മതിയായ സുരക്ഷാ സംവിധാനവും മുന്നറിയിപ്പും ഇല്ലാത്തതിനാൽ കഴിഞ്ഞദിവസം ലോറി കുഴിയിൽ കുടുങ്ങി.

പൈപ്പ് ലൈനിനായി കീറിയ വിവിധ ഭാഗങ്ങളിൽ ഏകദേശം ഓരോ 150 മീറ്ററുകൾക്കിടവിട്ട് മണ്ണ് താഴ്ന്ന് ഗർത്തങ്ങൾ രൂപപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം കുഴികൾ മണ്ണിട്ട് മൂടുന്നതിൽ മാത്രം നടപടികൾ ഒതുങ്ങുകയാണെന്നും പിന്നീട് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോ നടക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. പല സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ കവചങ്ങളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കുമ്പോൾ മണ്ണ് താഴ്ന്ന് അപകടാവസ്ഥ സൃഷ്ടിക്കുകയാണ്. പ്രദേശത്തിന്റെ അവസ്ഥയെക്കുറിച്ച് മുൻപരിചയം ഇല്ലാത്ത ദീർഘദൂര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. ചെറിയ വാഹനങ്ങൾ ഉൾപ്പെടെ നിരവധി അപകടസാഹചര്യങ്ങൾ പതിവാകുകയാണെന്നും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി മക്കരപ്പറമ്പ് നാറാണത്ത് ജങ്‌ഷനിൽ ദേശീയപാതയുടെ വശത്തെ മണ്ണ് താഴ്ന്നതിനെത്തുടർന്ന് ഒരു ലോറി ചെരിഞ്ഞ് അപകടാവസ്ഥയിൽപ്പെട്ടു.

ഏറെനേരം ഗതാഗതതടസ്സവും ആശങ്കയും അപകട ഭീഷണിയും നിലനിന്ന സാഹചര്യത്തിൽ ഒടുവിൽ നാട്ടുകാർ ശ്രമദാനമായി രംഗത്തെത്തി ലോറി ഉയർത്തുകയായിരുന്നു. സമാനസംഭവങ്ങൾ ദേശീയപാതയോരങ്ങളിൽ സ്ഥിരം കാഴ്ചയായിരിക്കുകയാണെന്ന ആശങ്കയും ഉയരുന്നുണ്ട്.

ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെട്ട് റോഡരികുകൾ ശാസ്ത്രീയമായി പുനഃസ്ഥാപിക്കണമെന്നും അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സ്ഥിരപരിശോധന നടത്തണമെന്നും മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *