കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണി വൈകുന്നു

Share to


Perinthalmanna Radio
Date: 25-05-2026

കൊളത്തൂർ : കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണിയും അനുബന്ധ റോഡ് ഉയർത്തലും പൂർത്തീകരണം വൈകുന്നതിന്റെ ആശങ്കയിലാണ് യാത്രക്കാർ. പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്കും അങ്ങാടിപ്പുറം മേൽപ്പാലത്തിലെയും അങ്ങാടിപ്പുറം തളി ജങ്ഷനിലെയും ഗതാഗതസ്തംഭനവും കടന്ന് വൈലോങ്ങരയിലെത്തുമ്പോഴേയ്ക്കും ചിലപ്പോൾ ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുന്ന അവസ്ഥ ഇവിടെ നിത്യസംഭവമാണ്. ഇതു പരിഹരിക്കാനാണ് വൈലോങ്ങര മുതൽ വെങ്ങാട് വരെ തകർന്നുകിടന്നിരുന്ന റോഡ് അടുത്തിടെ നവീകരിച്ചത്. ഇതിനെ തുടർന്നാണ് കൊളത്തൂർ-അമ്പലപ്പടിയിലെ പാലം പണി തുടങ്ങിയതും.

കൊളത്തൂർ അമ്പലപ്പടി മുതൽ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്റർ വരെയുള്ള റോഡ് ഉയർത്തലും പുതിയ പാലവും വളാഞ്ചേരി-പെരിന്തൽമണ്ണ യാത്രാദുരിതത്തിന് അൽപ്പമെങ്കിലും ആശ്വാസമാകും.

എന്നാൽ 30-നകം പണി പൂർത്തിയായില്ലെങ്കിൽ ഏറെ പ്രയാസത്തിലാവും യാത്രക്കാർ. പാലം പണി കാരണം അമ്പലപ്പടി-ക്രൗൺ പ്ലാസ കൺവെൻഷൻ സെന്റർ വരെയുള്ള ഭാഗത്തെ റോഡ് സഞ്ചാരയോഗ്യമല്ല. വയലിലൂടെയാണ് പകരം തയ്യാറാക്കിയ താത്കാലിക പാത കടന്നുപോകുന്നത്. കനത്ത മഴ പെയ്താൽ അവിടെ വെള്ളം നിറയുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെവരികയും ചെയ്യുമെന്നതാണ് യാത്രക്കാരെ ആശങ്കയിലാക്കുന്നത്.

വെങ്ങാട്-മൂർക്കനാട് വഴിയോ എടയൂർ റോഡ്-കുറുപ്പത്താൽ-കൊളത്തൂർ വഴിയോ ഗതാഗതം തിരിച്ചുവിട്ടാലും പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരിന്തൽമണ്ണ-വളാഞ്ചേരി റോഡിനെ ആശ്രയിക്കുന്നുണ്ട്.

കൊളത്തൂർ പോലീസ് സ്റ്റേഷന്റെയും മലബാർ ടെക് കമ്പനിയുടെയും നിർദേശമനുസരിച്ച് പോലീസിന്റെയും ട്രോമാകെയറിന്റെയും സഹായത്തോടെ ഗതാഗതം നിയന്ത്രിക്കുന്നത് നെടുവള്ളി സുൾഫിക്കൽ അലിയാണ്. പരസ്പരസഹകരണത്തോടെ വാഹനങ്ങൾ കടന്നുപോയാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും സ്‌കൂൾ തുറന്നാൽ ഗതാഗതനിയന്ത്രണത്തിൽ ഒന്നുകൂടി ശ്രദ്ധ വേണ്ടിവരുമെന്നും സുൾഫിക്കർ അലി പറയുന്നു.

ഏപ്രിൽ 15-ന് തുടങ്ങി മേയ് 20-നുള്ളിൽ പ്രവൃത്തി തീർക്കണം എന്നായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് എൻ.എച്ച്. എക്സിക്യുട്ടീവ് എൻജിനീയർ സി.എച്ച്. അബ്ദുൽ ഗഫൂർ പറഞ്ഞു. ഈ മാസം അവസാനമോ ജൂൺ ആദ്യവാരം അവസാനിക്കുന്നതിനുള്ളിലോ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിൽ പോയ അതിഥിത്തൊഴിലാളികളുടെ തിരിച്ചുവരവ് നീണ്ടുപോയതാണ് കൊളത്തൂർ- അമ്പലപ്പടിയിലെ പാലം പണി നീണ്ടുപോകാനുള്ള കാരണമെന്നും തിങ്കളാഴ്ച അവർ തിരിച്ചെത്തുമെന്നും പാലം പണിയും അനുബന്ധപ്രവർത്തനങ്ങളും എത്രയും പെട്ടെന്ന് തീരുമെന്നുമാണ് മലബാർ ടെക് കമ്പനി അധികൃതർ പറയുന്നത്‌.

………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *