
Perinthalmanna Radio
Date: 29-05-2026
മേലാറ്റൂർ : നാലായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന രണ്ടു സ്കൂളുകളുണ്ട്. പക്ഷേ, സ്കൂളുകൾക്കു മുൻപിലെ റോഡൊന്നു മുറിച്ചുകടക്കണമെങ്കിൽ വിദ്യാർഥികൾ പാടുപെടും. മേലാറ്റൂർ എ.എൽ.പി. സ്കൂൾ, മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്കൂൾ എന്നിവയ്ക്കു മുൻപിലൂടെ കടന്നുപോകുന്ന റോഡിൽ സീബ്രാവരകളുൾപ്പെടെ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാത്തതാണ് ആശങ്കയാകുന്നത്.
മേലാറ്റൂർ-കരുവാരക്കുണ്ട് മലയോരപാത കടന്നുപോകുന്ന റോഡരികിലാണ് ഈ സ്കൂളുകൾ സ്ഥിതിചെയ്യുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതകൂടിയാണിത്. ഇവിടെ റോഡ് മുറിച്ചുകടക്കുക മുതിർന്നവർക്കുതന്നെ ഏറെ ശ്രമകരമാണ്.
മേലാറ്റൂരിലെ സ്കൂളിനുമുൻപിൽ നേരത്തേ, സീബ്രാവരകളുണ്ടായിരുന്നു. ഇതു മാഞ്ഞിട്ട് വർഷങ്ങളായി. പുതുക്കി വരയ്ക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. ഇടതടവില്ലാതെ വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതുവരെ കാത്തുനിന്നുവേണം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും റോഡ് മുറിച്ചുകടക്കാൻ. തിരക്കിട്ട് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചാൽ അത് അപകടങ്ങൾക്കും കാരണമാകും. അമിതവേഗതയിലുള്ള വാഹനങ്ങളുടെ വരവ് അപകടസാധ്യത കൂട്ടുന്നുണ്ട്.
റോഡിൽ സീബ്രാവരകളും മറ്റു സുരക്ഷാ മുന്നറിയിപ്പുകളുമില്ലാത്തതാണ് വാഹനങ്ങൾ വേഗംകൂട്ടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വിഷയം പലതവണ സ്കൂൾ അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഇതുവരെ റോഡിൽ വരകൾ വീണിട്ടില്ല. പുതിയ അധ്യയനവർഷം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ വർഷങ്ങളായുള്ള ഈ ദുരിതത്തിന് പരിഹാരംകാണാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
