അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്റ്റേഷനുകളിൽ യാർഡ് നവീകരണത്തിന് അനുമതി

Share to


Perinthalmanna Radio
Date: 07-06-2026

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്റ്റേഷനുകളിൽ 24 കോച്ചുള്ള ട്രെയിനുകൾക്കും നിർത്താവുന്ന വിധത്തിൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നു. ഇതോടെ നിലമ്പൂർ– ഷൊർണൂർ റൂട്ടിലേക്കും ദീർഘദൂര ട്രെയിനുകൾ നീട്ടാനാകും. ഇരു സ്റ്റേഷനുകളിലെയും യാർഡ് നവീകരണത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു. അങ്ങാടിപ്പുറത്ത് 10.51 കോടിയുടെയും വാണിയമ്പലത്ത് 6.83 കോടിയുടെയും നവീകരണത്തിനാണ് അനുമതി.

നിലവിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്റെ ഒരു പ്ലാറ്റ്ഫോമിൽ 16 കോച്ചുകളും രണ്ടാമത്തേതിൽ 14 കോച്ചുകളും നിർത്താനുള്ള ശേഷിയാണുള്ളത്. വാണിയമ്പലത്ത് 2 പ്ലാറ്റ്ഫോമുകളിലും 18 കോച്ചുകൾ വരെ നിർത്താൻ നീളമുണ്ട്. ഇതാണ് 24 കോച്ച് വരെ നിർത്താവുന്ന രീതിയിൽ വികസിപ്പിക്കുക. ദീർഘകാലമായി ഈ റൂട്ടിലെ യാത്രക്കാരുടെ ആവശ്യത്തിനു കൂടിയാണ് ഇതോടെ പരിഹാരമാകുക. ഇതിനുശേഷം ചെന്നൈ, ബെംഗളുരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള ട്രെയിൻ നിലമ്പൂർ വരെ നീട്ടിയാൽ അത് മലബാർ മേഖലയിൽനിന്നുള്ള യാത്രക്കാർക്കും ഏറെ ആശ്വാസമാകും.

നിലമ്പൂരിൽനിന്ന് നഞ്ചൻകോട്– മൈസൂരു റൂട്ടിലേക്ക് നീട്ടാൻ പ്രതീക്ഷിക്കുന്ന പാതയിലേക്കു കൂടിയാണ് പ്ലാറ്റ്ഫോം വികസനം കണ്ണുനട്ടിരിക്കുന്നത്. ദീർഘദൂര ട്രെയിനുകൾ ഓടിക്കാനുള്ള പാതയിലെ തടസ്സങ്ങൾ ഓരോന്നായി നീങ്ങുകയാണ്. വൈദ്യുതീകരണം, കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ എന്നിവയ്ക്കു പുറമേയാണ് ഇപ്പോൾ 24 കോച്ചുകൾ നിർത്താവുന്ന പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനുകൾ കൂടി ഒരുങ്ങുന്നത്. പാത നീട്ടാനുള്ള നടപടികൾ ഇഴയുകയാണെങ്കിലും തടസ്സങ്ങൾ ഓരോന്നായി മാറുന്നത് കൂടുതൽ അനുകൂല സാഹചര്യമൊരുക്കും. നിലമ്പൂർ – നഞ്ചൻകോട് പാത യാഥാർഥ്യമാകുമ്പോൾ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും ബെംഗളുരുവിലേക്കും മറ്റുമുള്ള ദീർഘദൂര ട്രെയിനുകൾ ഈ പാതയിലൂടെയും സർവീസ് ആരംഭിക്കാൻ വലിയ പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനുകൾ സഹാ യകമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *