ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

Share to


Perinthalmanna Radio
Date: 09-06-2026

സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനും കടൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

നിരോധന കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് കർശന വിലക്കുണ്ടാകും. കൂടാതെ, രണ്ട് വള്ളങ്ങൾ ഒരുമിച്ച് ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗ് രീതിയും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഫിഷിംഗ് ഹാർബറുകളിൽ പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾക്ക് കേരള തീരത്ത് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലയളവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധി വരെ പോയി മത്സ്യബന്ധനം നടത്തുന്നതിനാണ് ഇവർക്ക് അനുമതിയുള്ളത്. നിരോധന നിയമങ്ങൾ ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *