മലപ്പുറത്തിന് ഇന്ന് 57–ാം പിറന്നാൾ; ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തം

Share to


Perinthalmanna Radio
Date: 16-06-2026

മലപ്പുറം : ഇന്ന് രൂപീകരണത്തിന്റെ 57–ാം വാർഷികം ആഘോഷിക്കുമ്പോൾ, ഭരണപരമായ സൗകര്യത്തിനായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം സജീവമാകുന്നു. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സ്പെഷൽ കമ്മിഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃത്വം ഇന്നു മുഖ്യമന്ത്രി വി.ഡി.സതീശനു നിവേദനം നൽകും. കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാ കമ്മിറ്റിയിലുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ്, കൺവീനർ അഷ്റഫ് കോക്കൂർ എന്നിവർ മുഖ്യമന്ത്രിയെ കാണുന്നത്.

വിഷയത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസ് ജില്ലാ വിഭജനത്തിന് അനുകൂലമാണ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.പി.എ.മജീദ് ഉൾപ്പെടെ പല നേതാക്കളും ജില്ലാ വിഭജനത്തെ അനുകൂലമായ പരസ്യ നിലപാട് സ്വീകരിച്ചെങ്കിലും ലീഗ് ഇതുവരെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമ‍ർപ്പിക്കാൻ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലും സെമിനാറുകളിലും ജില്ലാ വിഭജന ആവശ്യം സ്വാഭാവികമായി ഉയർന്നുവരുമെന്നു നേതാക്കൾ പറഞ്ഞു.

1969 ജൂൺ 15ന് മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ 20 ലക്ഷത്തിൽ താഴെയായിരുന്നു ജനസംഖ്യ. നിലവിൽ 45 ലക്ഷത്തിനു മുകളിലാണ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 14% മലപ്പുറത്താണ്. ജില്ലയുടെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തെത്താൻ 2 മണിക്കൂർവരെ യാത്ര ചെയ്യണം. ഭരണപരമായ സൗകര്യം മുൻനിർത്തി ജില്ലയെ വിഭജിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്ന ആവശ്യം നേരത്തെയുണ്ട്. മലപ്പുറം ഉൾപ്പെടെ വലിയ ജില്ലകൾ വിഭജിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ജില്ലാ വികസന കമ്മിഷണർ കൂടിയായ ദിലീപ് കെ.കൈനിക്കര പുതിയ സർക്കാർ പരിഗണിക്കേണ്ട വിഷയങ്ങളിൽ വലിയ ജില്ലകളുടെ വിഭജനവും ഉൾപ്പെടുത്തിയതു ചർച്ചയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *